തിരുവനന്തപുരം: കഴക്കൂട്ടം പള്ളിപ്പുറത്ത് മത്സ്യഫെഡിന്‍റെ ജീപ്പും മിനി വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ കോട്ടക്കൽ സ്വദേശി ബിപിൻ ജേക്കബ് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ദേശീയ പാതയിൽ പള്ളിപ്പുറം താമരക്കുളത്താണ് അപകടം.
ജീപ്പില്‍ ഉണ്ടായിരുന്ന എറണാകുളം നോർത്ത് പറവൂർ സ്വദേശി കെ.സി രാജീവ്, എറണാകുളം ഉദയംപേരൂർ സ്വദേശി രഘുവരൻ, ഡൈവർ സുരേഷ്, മജീദ് എന്നിവരെ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേർ മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളാണ്.
ആറ്റിങ്ങൽ ഭാഗത്തുനിന്നും വന്ന ബിബിന്‍റെ വാഹനവും തിരുവനന്തപുരത്ത് യോഗം കഴിഞ്ഞ് മടങ്ങിയ മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണമായി തകർന്നു. വാഹനങ്ങൾ അമിതവേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.