തിരുവനന്തപുരം: 2017 നവംബർ മാസത്തിലെ അവസാന ആഴ്‌ച... നടുക്കടലിൽ ദിക്കറിയാതെ, ഭക്ഷണവും വെള്ളവുമില്ലാതെ, മുന്നിൽ മരണമോ ജീവിതമോ എന്നറിയാതെ അഞ്ചു ദിവസം തള്ളിനീക്കിയ ലോറൻസിന് ഇന്നും അതൊരു നടുക്കുന്ന ഓർമ്മയാണ്. ഓഖി ദുരന്തം ആഞ്ഞടിച്ച ദിവസങ്ങള്‍. മൂന്നു ദിവസം ഒപ്പമുണ്ടായിരുന്ന ലോറൻസ് എന്നു തന്നെ പേരുള്ള കൂട്ടുകാരൻ കടലിൽ താഴ്ന്നു. ഉപ്പുവെള്ളവും തോർത്ത് പിഴിഞ്ഞ മഴവെള്ളവും കുടിച്ച് കഴിഞ്ഞ ദിവസങ്ങൾക്കൊടുവില്‍ വിദേശ കപ്പൽ രക്ഷിച്ച് കരയ്ക്കെത്തിച്ച ലോറൻസിന് ഇപ്പോഴുള്ള സമ്പാദ്യം ആരോഗ്യമില്ലാത്ത ശരീരവും ലക്ഷങ്ങളുടെ കടവുമാണ്.
46 വർഷം കടലിനോട് മല്ലിട്ട് ജിവീച്ച ലോറൻസിന് ഇന്ന് പത്തു മിനിട്ടില്‍ അധികം ഇരിക്കാൻ ലോറൻസിന് കഴിയില്ല. അതിശക്തമായ തിരമാലകൾ പലതവണ എടുത്തെറിഞ്ഞപ്പോൾ വള്ളത്തിൽ ഇടിച്ചുവീണ ലോറൻസിന്‍റെ നട്ടെല്ല് തകർന്നു. കാലിൽ ഭാരം തൂക്കിയിട്ടാണ് കട്ടിലിൽ കിടക്കുന്നത്. സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രികളിലും ചികിത്സ നടത്തി. ലക്ഷങ്ങൾ കടം. ജോലിക്ക് പോകരുതെന്നാണ് ഡോക്ടറുടെ നിർദ്ദേശം. അതിനുള്ള ശേഷി ശരീരത്തിനില്ല. പലയിടത്ത് ചികിത്സ നടത്തിയതിന്‍റെ സർട്ടിഫിക്കറ്റുകളും ബില്ലുകളുമായി സർക്കാരിനെ സമീപിച്ചിട്ട് ആകെ കിട്ടിയത് 85,000 രൂപ മാത്രം.
ലോറൻസ് ഇത് ഒരു ലോറൻസിന്‍റെ മാത്രം അനുഭവമല്ല. മാരകമായി പരിക്കേറ്റ് ജോലി ചെയ്യാനുള്ള ആരോഗ്യം നഷ്ടപ്പെട്ട പലരും സർക്കാരിന്‍റെ പട്ടികയിലില്ല. ഓഖി ദുരിതാശ്വാസം അർഹിക്കുന്ന കൈകളിൽ എത്തിയില്ലെന്ന പരാതി വർഷങ്ങളായി ഉയരുന്നതാണ്. പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നൽകിയ വാഗ്ദാനങ്ങളും കാര്യമായി നടപ്പായിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ഓഖി ബാധിതർക്കായി മാറ്റിവച്ച തുകയിൽ മത്സ്യത്തൊഴിലാളികൾക്കായി ഇതുവരെ ചെലവിട്ടത് 44,89,29,574 രൂപയാണ്. ബാക്കി 24,70,70,500 രൂപയ്ക്ക് നിർവഹിക്കേണ്ട നിരവധി പദ്ധതികളുണ്ട്. ലൈഫ് ജാക്കറ്റ്, കടൽ രക്ഷാസൈന്യത്തിന്‍റെ രൂപീകരണം, സാറ്റ്‌ലൈറ്റ് ഫോൺ, നാവിക് പദ്ധതി, മറൈൻ ആംബുലൻസ്, മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള തൊഴിൽ, കടങ്ങൾ എഴുതിത്തള്ളാനുള്ള ഉത്തരവ് തുടങ്ങിയവയൊന്നും വേണ്ട രീതിയിൽ നടപ്പായില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മൂന്നു ദിവസം കടലിൽ കുടുങ്ങിയ ശേഷം തിരിച്ചെത്തിയ ആൽബർട്ട് എന്ന മത്സ്യത്തൊഴിലാളിക്ക് ഇപ്പോൾ പഴയതുപോലെ ജോലിക്ക് പോകാനാവുന്നില്ല. നട്ടെല്ലിനു പരിക്കേറ്റ ആൽബർട്ട് ഇപ്പോഴും ചികിത്സയിലാണ്. ആൽബർട്ടിനെയും ലോറൻസിനെയും പോലെ നിരവധി പേരുണ്ട്. ആരോഗ്യം നഷ്ടപ്പെട്ട് കടക്കെണിയിലായവർ. കാലങ്ങളായി തീരം ഇടിഞ്ഞിറങ്ങുന്നത് നിസഹായതയോടെ നോക്കി നില്‍ക്കുന്നവർ. ഏത് കാലവർഷത്തിലാണ് തങ്ങളുടെ വീട് കടലെടുക്കുക എന്ന ആശങ്കയിൽ കഴിയുന്നവർ. മത്സ്യത്തൊഴിലാളി പെൻഷൻ 100 രൂപ വർധിപ്പിച്ചപ്പോഴും ജീവിത ചെലവിന് ഒരു കുറവും വന്നിട്ടില്ലെന്ന പരാതി പറഞ്ഞു മടുത്തവർ.
ആർക്കൊക്കെയോ ഓഖി ദുരിതാശ്വാസം കിട്ടിയതായി സർക്കാർ പറയുന്നു. അത് അർഹരായ തങ്ങൾക്കല്ല എന്ന് ആണയിട്ടു പറയുകയാണ് പൂന്തുറ തീരത്തെ മത്സ്യതൊഴിലാളികൾ. തെരഞ്ഞെടുപ്പ് കാലത്തെ സമ്മർദ്ദതന്ത്രമല്ല. മറിച്ച് ഓഖി ദുരിതാശ്വാസവും പുനരധിവാസവും തങ്ങളുടെ ഒഴിവാക്കാനാവാത്ത ആവശ്യമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.