തിരുവനന്തപുരം: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍. നാട്ടിലേക്ക് മടങ്ങാനായി ഇതിനോടകം രണ്ട് ലക്ഷത്തി രണ്ടായിരം പേര്‍ നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം. പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തോട് പ്രത്യേക ഫണ്ട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരികെയെത്താന്‍ ആഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് എടുക്കണം. ഇവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ച് ജില്ലാ കലക്ടര്‍മാരുമായും എസ്.പിമാരുമായും ഡിഎംഒമാരുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നര ലക്ഷത്തോളം പേര്‍ നാട്ടിലേക്ക് എത്തുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കനുസരിച്ചാണ് നിരീക്ഷണ സംവിധാനമടക്കം തയാറാക്കിയത്. കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ അധികം നിരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും നോര്‍ക്ക ഉടന്‍ ആരംഭിക്കും.
ഇന്നലെ വൈകിട്ടാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നോര്‍ക്കയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കില്ല. ഗര്‍ഭിണികള്‍, കൊവിഡിതര രോഗികള്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.