തിരുവനന്തപുരം: കൊവിഡ് ഹോട്‌സ്‌പോട്ടായി തിരുവനന്തപുരം കോര്‍പറേഷനെ പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരത്തില്‍ മുന്‍പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ. പൊതുജനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നേരത്തേയുണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്.
ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തിരുവനന്തപുരം നഗരസഭ, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്, വര്‍ക്കല നഗരസഭ എന്നിവിടങ്ങളില്‍ ഒറ്റ- ഇരട്ട അക്ക സംവിധാനമില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും. ആശുപത്രികളിലേക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും ഹോട്‌സ്‌പോട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ കൈവശം വ്യക്തമായ രേഖകളും തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരിക്കണം.
ഹോട്‌സ്‌പോട്ട് വൈകി പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസിലാക്കിയാവും പൊലീസ് പ്രവര്‍ത്തിക്കുക. ജനങ്ങള്‍ കുറച്ചു ദിവസം കൂടി വീട്ടിലിരുന്ന് സഹകരിക്കണമെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അഭ്യര്‍ഥിച്ചു.