തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍ കുട്ടികളുടെ തീവ്രപരിചരണത്തിനായി 32 ഐസിയു കിടക്കകള്‍ കൂടി സജ്ജമായി. 98 ലക്ഷം രൂപ ചെലവിലാണ് പുതിയ തീവ്രപരിചരണ വിഭാഗത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 24 ഐസിയു കിടക്കകളും 8 ഹൈ ഡെപ്പന്‍റന്‍സി യൂണിറ്റ് കിടക്കകളുമാണ് സജ്ജമാക്കിയിരിക്കുന്നത്.
10 വെന്‍റിലേറ്ററുകള്‍, 6 നോണ്‍ ഇന്‍വേസീവ് ബൈപാസ് വെന്‍റിലേറ്ററുകള്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, 3 ഡിഫിബ്രിലേറ്ററുകള്‍, 12 മള്‍ട്ടിപാര മോണിറ്ററുകള്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് ഐസിയുവാണ് എസ്എടി ആശുപത്രിയിലുള്ളത്.
ഇതോടെ പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം 50 ആകും. ഇതുകൂടാതെ നവജാതശിശു വിഭാഗത്തില്‍ 54 ഐസിയു കിടക്കകളും എസ്എടി ആശുപത്രിയിലുണ്ട്. ആശുപത്രിയിലെ ചികിത്സാ സൗകര്യം വര്‍ധിക്കുന്നത് ദിനപ്രതി ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസകരമാകും.