തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകളും, വാഹന രജിസ്ട്രേഷനും സ്മാർട്ടാകുന്നു. നിലവിലെ ലാമിനേറ്റഡ് കാർഡുകൾക്ക് പകരം ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന സ്‌മാർട്ട് കാർഡുകളാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്നത്. ക്യൂആർ കോഡും, ട്രാൻസ്‌പരന്‍റ് ഗ്ലാസ് സംവിധാനവുമടക്കമുള്ള പോളി കാർബണേറ്റഡ് കാർഡുകളാണ് പുറത്തിറക്കുന്നത്. ഇത്തരത്തിൽ ഹൈ സെക്യൂരിറ്റി പോളി കാർബണേറ്റഡ് കാർഡുകൾ പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. ജനുവരിയോടുകൂടി സ്മാർട്ട് കാർഡുകൾ സംസ്ഥാനത്ത് പ്രാബല്യത്തിലാക്കാനാണ് തീരുമാനം.
ഗതാഗത വകുപ്പ് പൂർണമായും കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറിയെങ്കിലും ഡ്രൈവിങ് ലൈസൻസുകളും രജിസ്ട്രേഷൻ കാർഡുകളും ലാമിനേറ്റഡ് കാർഡുകളായാണ് നൽകുന്നത്. നിലവാരം കുറഞ്ഞ ഇത്തരം കാർഡുകൾക്കെതിരെ വ്യാപകമായ പരാതിയുയർന്നിരുന്നു. എന്നാൽ സ്മാർട് കാർഡുകൾ പ്രാബല്യത്തിൽ വരുന്നതോടു കൂടി കാർഡുകൾ ആർ.ടി.ഒകളിൽ നിന്നും പ്രിന്‍റ് ചെയ്ത് നൽകുന്ന രീതി മാറും. പതിനഞ്ച് വർഷത്തിലധികം ഈട് നിൽക്കുന്ന പോളി കാർബണേറ്റ് കാർഡുകൾ അത്യാധുനിക സംവിധാനത്തോടെയാണ് എത്തുന്നത്. ഫോട്ടോയും കാർഡിൽ പ്രിന്‍റ് ചെയ്യുന്ന അക്ഷരങ്ങളും ലേസർ സാങ്കേതിക വിദ്യയിലാണ് അച്ചടിക്കുന്നത്. കേരള ബുക്ക്‌സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റിയാണ് കാർഡുകൾ പ്രിന്‍റ് ചെയ്യുന്നത്.
കൃതൃമത്വം കാണിക്കാൻ കഴിയില്ലെന്നതിന് പുറമേ വ്യാജ മേൽവിലാസത്തിൽ കാർഡുകൾ കൈപ്പറ്റാനാകില്ല എന്നതുമാണ് മറ്റൊരു പ്രത്യേകത. രജിസ്ട്രേഡ് പോസ്റ്റുകളിലോ കൊറിയർ സംവിധാനത്തിലോ അയക്കുന്ന കാർഡുകൾ പൂർണമായും ട്രാക്കിങ് സംവിധാനത്തിലായിരിക്കും. ഇതോടെ വ്യാജന്മാർക്ക് പിടി വീഴും. ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് ഇടനിലക്കാരില്ലാതെ നാല് ദിവസത്തിനുള്ളിൽ സ്മാർട് കാർഡുകൾ ലഭിക്കും. കാർഡ് നഷ്ടപ്പെട്ടാൽ ഓൺലൈൻ മുഖേന അനായാസമായി പുതിയ കാർഡിന് അപേക്ഷിക്കാനുമാകും. നിലവിൽ ലാമിനേറ്റഡ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഓൺലൈനായി സ്മാർട് കാർഡുകളിലേക്ക് മാറുന്നതിന് അപേക്ഷിക്കാം. രാജ്യത്താകെ ഡ്രൈവിങ് ലൈൻസിനും വാഹന രജിസ്ട്രേഷനും ഒരേ മാതൃകയിലെ സംവിധാനം ഏർപ്പെടുത്താനുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും സ്മാർട് കാർഡുകൾ നടപ്പിലാക്കുന്നത്.