തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചു. ജോലി ചെയ്യുമ്പോഴോ നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസതടസം (എക്സെർഷണൽ ഡിസ്‌പനിയ) എന്ന രോഗലക്ഷണം അടിസ്ഥാനമാക്കിയാണ് മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചത്. മിതമായ അധ്വാനത്തിലുണ്ടാകുന്ന ശ്വാസതടസം വളരെ പ്രധാനമായി കാണുന്നതാണ് പുതിയ രീതി. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഗണ്യമായി കുറച്ചതിൽ എക്സെർഷണൽ ഡിസ്‌പനിയയുടെ നിരീക്ഷണത്തിന് പ്രധാന പങ്കുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൊവിഡ് ബാധിതരെ രോഗലക്ഷണമനുസരിച്ച് എ, ബി, സി എന്നും ലഘു, മിതം, തീവ്രം എന്നും നിശ്ചയിക്കും. എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്കും, സി വിഭാഗത്തിൽ ഉള്ളവരെ വിദഗ്‌ധ ചികിത്സക്കായി കൊവിഡ് ആശുപത്രിയിലും പ്രവേശിപ്പിക്കും. സി വിഭാഗത്തിലുള്ളവരെ ഗുരുതരാവസ്ഥ മുൻകൂട്ടി കണ്ട് തീവ്രപരിചരണ ചികിത്സ നടത്തും. രോഗിയുടെ കൂട്ടിരിപ്പുകാർ ആശുപത്രിയിൽ ഇല്ലെങ്കിലും അടിയന്തര ചികിത്സ മുടങ്ങരുതെന്നും നിർദേശമുണ്ട്.
ക്രിറ്റിക്കൽ കെയറുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ സമ്മതം വാങ്ങേണ്ട ഘട്ടത്തിൽ ഫോൺ വഴി വാങ്ങാം. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കൊവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത കൊവിഡ് ബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാം. ടെലിഫോൺ വഴിയുള്ള നിരീക്ഷണം, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യൽ, ഫിംഗർ പൾസ് ഓക്‌സിമെട്രി റെക്കോർഡ് എന്നിവയാണ് ഇതിൽ പ്രധാനം. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നിരീക്ഷണവും ഉണ്ടാവും.