തിരുവനന്തപുരം: നെടുമങ്ങാട് - കന്യാകുമാരി പാത തമിഴ്‌നാട് അടച്ചു. സംസ്ഥാന അതിർത്തിയായ വെള്ളറട കടുക്കറയിലാണ് തമിഴ്നാട് പൊലീസിന്‍റെ നടപടി. ലോക്ക് ഡൗൺ ആരംഭിച്ച നാൾ മുതൽ ചരക്ക് നീക്കത്തിന് ഉൾപ്പെടെ തമിഴ്നാട്- കേരള സർക്കാരുകൾ അനുവദിച്ചിരുന്ന പ്രധാന പാതയാണിത്. എന്നാൽ ലോക്ക് ഡൗണ്‍ പിൻവലിച്ചതോടെ ഒരു മുന്നറിയിപ്പും കൂടാതെ റോഡിൽ ചെറു പാറക്കഷണങ്ങൾ നിറച്ച് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
ഇതോടെ കേരള - തമിഴ്നാട് അതിർത്തിയിലുള്ള നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. മാത്രമല്ല പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വരവ് പൂർണമായും നിലച്ചിട്ടുണ്ട്. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് തമിഴ്നാട് പൊലീസിന്‍റെ മറുപടി. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന കടുക്കറയിലെ തമിഴ്നാട് പൊലീസ് ഔട്ട് പോസ്റ്റിൽ നിന്ന് പൊലീസുകാരെയും തിരികെ വിളിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന്‍റെ ഒന്നാംഘട്ടത്തിൽ കേരള അതിർത്തിയിലെ അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശ്ശാല, കാരോട്, തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി ഇടറോഡുകൾ തമിഴ്നാട് പൊലീസ് മണ്ണിട്ട് അടച്ചിരുന്നു. ഇതുവഴിയുള്ള നാലു ചക്ര വാഹനഗതാഗതം പൂർണമായും നിലച്ചിട്ടുണ്ട്.