തിരുവനന്തപുരം: ഓപ്പോളിൽ അമ്മയും നടിയുമായ മേനകയ്ക്ക് നഷ്ടപ്പെട്ട ദേശീയ പുരസ്കാരം തിരിച്ചുപിടിക്കാനായതിൽ സന്തോഷമെന്ന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടി കീർത്തി സുരേഷ്. ഈ നേട്ടം അമ്മയ്ക്കാണ് സമർപ്പിക്കുന്നത്. പുരസ്കാരം ആഗ്രഹിച്ചിരുന്നുവെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കീർത്തി പറഞ്ഞു.
തെന്നിന്ത്യൻ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ നാഗ് അശ്വിന്‍ ചിത്രം മഹാനടിയിലെ അഭിനയത്തിനാണ് കീർത്തി സുരേഷ് പുരസ്കാരം സ്വന്തമാക്കിയത്. നടന്‍ ദുല്‍ഖര്‍ സല്‍മനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ സംവിധായകനും ടീമിനും നന്ദി പറയുന്നതായും തെലുങ്കിലും തമിഴിലുമുള്ള തിരക്കുമൂലമാണ് മലയാളത്തിൽ അഭിനയിക്കാനാവാത്തതെന്നും കീർത്തി പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറാണ് മലയാളത്തിലെ കീര്‍ത്തിയുടെ അടുത്ത ചിത്രം.