തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്രത്തിന് ശക്തമായ സന്ദേശം നല്‍കി കേരളം. രണ്ട് പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനിച്ചു. സംസ്ഥാനത്ത് പതിവ് സെന്‍സെസ് നടപടികള്‍ മാത്രം മതിയെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കില്ല. ജനസംഖ്യാ കണക്കെടുപ്പുമായി സഹകരിക്കുമെങ്കിലും രണ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. ജനന തിയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെ പുതിയതായി കൂട്ടിച്ചേര്‍ത്ത ചോദ്യങ്ങളാണ് ഒഴിവാക്കുന്നത്. ഈ ചോദ്യങ്ങള്‍ അനാവശ്യമാണെന്നും ദേശീയ പൗരത്വ രജിസ്റ്ററിലേക്കുളള പാതയാണെന്നും മന്ത്രിസഭ വിലയിരുത്തി. കേന്ദ്ര സെന്‍സസ് കമ്മിഷണറെയും, സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും സര്‍ക്കാര്‍ ഇക്കാര്യമറിയിക്കും.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവ രണ്ടും ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനാണെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതായും ഈ ആശങ്കകള്‍ മറികടന്ന് കണക്കെടുപ്പ് നടത്തുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്നും മന്ത്രിയസഭ വിലയിരുത്തി.
സെന്‍സെസുമായി ബന്ധപ്പട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അവ്യക്തത ഉണ്ടാകുന്നതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുത്തിരിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കി സഹകരിക്കുമെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ സഹകരണവും സംസ്ഥാന സര്ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടാകില്ല. ഇക്കാര്യത്തില്‍ ശക്തമായ രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇടതു സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
കേന്ദ്രസര്‍ക്കാറുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഇതിലൂടെ സര്‍ക്കര്‍ തീരുമാനിച്ചിരിക്കുന്നത്. പലപ്പോഴും കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികളിലും സഹായങ്ങളിലും കേരളത്തെ ഒഴിവാക്കുന്ന ഒരു രാഷ്ട്രീയ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രളയമടക്കമുള്ള വിഷയങ്ങളില്‍ ഇക്കാര്യം വ്യക്തമായതാണ്. അതുകൊണ്ട് തന്നെയാണ് ശക്‌തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയും ഈ നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നത്.