തിരുവനന്തപുരം: ചിട്ടയായ കഠിനാധ്വാനത്തിൻ്റെ ഫലമാണ് തൻ്റെ നേട്ടമെന്ന് കെഎഎസ് ഒന്നാം സ്ട്രീമിലെ രണ്ടാം റാങ്കുകാരി നന്ദന എസ് പിള്ള. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും പട്ടികയിൽ പേര് ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും നന്ദന പറഞ്ഞു.
നാലുവട്ടം സിവിൽ സർവീസ് എഴുതിയ നന്ദനയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്‌ക്കാരമാണ്. ഇനിയും അവസരങ്ങൾ ഉണ്ടെങ്കിലും സിവിൽ സർവീസ് പരീക്ഷ എഴുതുമെന്ന് ഉറപ്പിച്ചിട്ടില്ല. സിവിൽ സെർവൻ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതിന് ഐഎഎസ് പട്ടം വേണമെന്നില്ലെന്നും നന്ദന പറയുന്നു. അതേസമയം സിവിൽ സർവീസ് രാജ്യത്തെ ഏറ്റവും ജനാധിപത്യപരമായ പരീക്ഷയാണെന്നും വലിപ്പച്ചെറുപ്പമില്ലാതെ ആർക്കും സ്വന്തമാക്കാൻ കഴിയുമെന്നും നന്ദന പറഞ്ഞു.
സിവിൽ സർവീസ് പരിശീലനമാണ് കെഎഎസ് പരീക്ഷയെ എളുപ്പമാക്കിയത്. വിശകലനങ്ങൾക്കുള്ള സാധ്യതയാണ് പിഎസ്‌സിയുടെ മറ്റു പരീക്ഷകളിൽ നിന്ന് കെഎഎസിനെ വ്യത്യസ്‌തമാക്കുന്നത്. അഭിമുഖത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞതായും നന്ദന പറഞ്ഞു.
തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുത്ത നന്ദന എസ് പിള്ള ഹൈദരാബാദിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാനറ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുരുകൻ്റെയും കൺട്രോളർ ഒഫ് സ്റ്റേഷനറി ആയി വിരമിച്ച ശശികലയുടെയും മകളാണ്.
ALSO READ: സിവില്‍ സര്‍വീസ് സ്വപ്നത്തോടടുത്ത് ജയകൃഷ്ണന്‍; കെഎഎസ് രണ്ടാം സ്ട്രീമില്‍ രണ്ടാം റാങ്ക്