തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചെലവാകുന്നുണ്ട്. ഇത് അടിയന്തരമായി റദ്ദ് ചെയ്‌ത് പണം കൊവിഡ് ഫണ്ടിലേക്കു മാറ്റണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
പരിപാടിയുടെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്‍കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഇതനുസരിച്ച് ഒരു വര്‍ഷം നല്‍കുന്നത് 1.17 കോടി രൂപയും അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപയുമാണ്. കൂടാതെ മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപയാണ് നൽകുന്നത്.
ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കണക്കാക്കിയാല്‍ 12 വാര്‍ത്താ ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപയും അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപയും സർക്കാരിന് ചെലവാകുന്നുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. 14 ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ അനുവദിച്ചിരിക്കുന്ന 700 കോടി രൂപ അടിയന്തരമായി കൊവിഡ് ഫണ്ടിലേക്കു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിമാസം 1.44 കോടി രൂപ വാടക നല്‍കുന്ന ഹെലികോപ്റ്ററിന് ജിഎസ്‌ടി, പൈലറ്റ്, കോ പൈലറ്റ്, ഫ്ലൈറ്റ് എഞ്ചിനീയര്‍ എന്നിവരുടെ ശമ്പളം, അവരുടെ സ്റ്റാര്‍ ഹോട്ടല്‍ താമസം ഉൾപ്പെടെ പ്രതിമാസം 2 കോടി രൂപയോളമാകും. ഇത് ഒരു വര്‍ഷം 24 കോടി രൂപയുടെ ധൂർത്താണണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതിനു മുമ്പ് പാഴ്‌ചെലവുകള്‍ റദ്ദാക്കി സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.