തിരുവനന്തപുരം: നഗരത്തിലെ ഇ -ഓട്ടോകൾക്ക് ചാർജ് തീർന്ന് വഴിയിലാകുമെന്ന പേടിയില്ലാതെ ഇനി യഥേഷ്ടം സവാരി നടത്താം. ഇ - ഓട്ടോകളും, ഇ - റിക്ഷകളും ചാർജ് ചെയ്യുന്നതിനായി ഇ.വി ചാർജിങ് മെഷീനുകൾ നഗരത്തിൽ വ്യാപകമാക്കും. കിഴക്കേകോട്ട ഗാന്ധി പാർക്കിലാണ് ആദ്യ ചാർജിങ് മെഷീൻ സ്ഥാപിച്ചത്. ഒരേ സമയം രണ്ട് ഇ- ഓട്ടോകൾ ഇവിടെ ചാർജ് ചെയ്യാനാകും. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപ മുതൽ മുടക്കിയാണ് ചാർജിങ് മെഷീൻ സ്ഥാപിച്ചത്.
സ്മാർട് സിറ്റിയുടെ ഭാഗമായി 30 ഇ-ഓട്ടോകളും ഇ-റിക്ഷകളുമാണ് നഗരത്തിലോടുന്നത്. ചാർജിങ്ങ് പോയിന്‍റില്ലാത്തതിനാൽ ഗുണഭോക്താക്കൾ അവരുടെ വീടുകളിൽ നിന്നാണ് ചാർജ് ചെയ്തിരുന്നത്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ മൈലേജ് ലഭിക്കുമെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചാർജ് പെട്ടെന്ന് തീരുമെന്ന പരാതി ഉയർന്നിരുന്നു. ചാർജ് തീർന്ന് ഓട്ടോകൾ വഴിയിലാകുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ചാർജിങ് പോയിന്‍റുകൾ വ്യാപകമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഗാന്ധി പാർക്കിൽ ഒരു ചാർജർ മെഷീൻ കൂടി സ്ഥാപിക്കും. നന്ദാവനത്തും പുതിയ ചാർജിങ് പോയിന്‍റ് സ്ഥാപിക്കുന്നുണ്ട്.
ഗുണഭോക്താക്കൾക്ക് ചാർജ് ചെയ്യുന്നതിനായി റേഡിയോ ഫ്രീക്വൻസി ഐ.ഡി കാർഡുകൾ വിതരണം ചെയ്യും. ഈ കാർഡ് ഉപയോഗിച്ച് അനായാസം ചാർജ് ചെയ്യാനാകും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ആപ്ലിക്കേഷനിലൂടെ ചാർജിങ് പോയിന്‍റ് ബുക്ക് ചെയ്യാനും കഴിയും. ലോ കാർബൺ സിറ്റിയായി തിരുവനന്തപുരം നഗരത്തെ മാറ്റുകയെന്ന ഉദ്ദേശത്തോടെ ഇ- വാഹനങ്ങൾക്കും പ്രോത്സാഹനം നൽകാനാണ് തീരുമാനം.