തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. കടൽ പ്രക്ഷുബ്‌ധമാകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. കടല്‍ക്ഷോഭങ്ങളും ശക്തമാകും. എന്നാൽ അവയില്‍ നിന്ന് തീരമേഖലയെയും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ആരോപണം. പതിവ് പോലെ കടലാക്രമണം രൂക്ഷമാകുമ്പോൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഇവരുടെ ജീവിതങ്ങൾ വീണ്ടും പറിച്ച് നടും. എല്ലാം കെട്ടടങ്ങുമ്പോള്‍ അതിജീവനത്തിനായുള്ള പോരാട്ടം ഇവര്‍ വീണ്ടും തുടരും.
ഒത്തിരി പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്ത മേഖലയാണ് മത്സ്യമേഖല. എന്നാല്‍ കൃത്യമായ പഠനം നടത്താതെയുള്ള പദ്ധതികളായിരുന്നതിനാല്‍ പലതിനും ലക്ഷ്യമിട്ട ഫലം ലഭിച്ചില്ല. അക്കൂട്ടത്തില്‍ പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകമാകാനായാണ് പൂന്തുറയില്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും പദ്ധതി ഇതുവരെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അറബിക്കടലിൽ ജിയോ ട്യൂബ് സംബദ്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗാൾ ഉൾക്കടലിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. രണ്ട് കടലിന്‍റെയും സ്വഭാവം രണ്ടാണെന്നത് പോലും പരിഗണിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊവിഡ് മൂലം പട്ടിണിയിലായ തീരമേഖല വലിയ ആശങ്കയോടെയാണ് മണ്‍സൂണ്‍കാലത്തെ നോക്കുന്നത്. സര്‍ക്കാരിന്‍റെ സഹായമാണ് ഇവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.