തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ പരിഹസിച്ച് എം.എം മണി. തിരുവഞ്ചൂരിന് ശ്രീകൃഷ്‌ണൻ്റെ നിറവും കൈയിലിരിപ്പുമാണെന്ന് എംഎം മണി പറഞ്ഞു. ഇടുക്കിയിൽ നിന്ന് ഒരു ശല്യത്തെ ഒഴിപ്പിച്ചുവെന്നാണ് തന്നെ അറസ്റ്റ് ചെയ്‌ത ശേഷം തിരുവഞ്ചൂർ പ്രസംഗിച്ചത്. എന്‍റെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്‌തതൊന്നും മറക്കില്ല. കോൺഗ്രസിൻ്റെ പതിവ് ശൈലിയാണ് ഈ ആക്രമണം. ഈ കോൺഗ്രസാണ് സിപിഎമ്മിനെ നീതി ബോധം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തത് സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെയാണ് തിരുവഞ്ചൂരിനെതിരെ എംഎം മണി തിരിഞ്ഞത്. വിവാദ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്‌തത് പരാമർശിച്ചായിരുന്നു പരിഹാസം. എകെജി സെൻ്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നത് ന്യായമായ സംശയമാണ്. കോഴി കട്ടവൻ്റെ തലയിൽ പൂടയുണ്ടോ എന്ന് തപ്പിയത് പോലെയാണ് പിസി വിഷ്‌ണുനാഥിന്‍റെ പ്രമേയാവതരണം.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ തന്നെ എകെജി സെൻ്റർ ആക്രമിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സുധാകരൻ കെപിസിസി പ്രസിഡൻ്റായ ശേഷം നാട്ടിൽ അക്രമം നടക്കുകയാണ്. സ്വപ്‌ന സുരേഷ് ഇപ്പോൾ സുരക്ഷിത സ്ഥലമായി കാണുന്നത് പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലമാണ്. നേതാക്കളുടെ വീട്ടിലിരിക്കുന്ന സ്ത്രീകളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. പ്രതിപക്ഷത്തിരിക്കുന്നവരുടെ വീടുകളിലുള്ളവരെ ആക്രമിച്ചാൽ സ്ഥിതി എന്താകുമെന്ന് ചിന്തിക്കണമെന്നും എം.എം മണി പറഞ്ഞു.