തിരുവനന്തപുരം : ആര് സമരം നടത്തിയാലും കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നാടിന്‍റെ വികസനത്തിനുള്ള പദ്ധതിയാണ് കെ റെയില്‍. പെട്ടെന്ന് ഉണ്ടായ പദ്ധതിയല്ല. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയാണ്.
ഇതുസംബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. വികസനത്തിന് കുതിപ്പ് ഉണ്ടാകുമെന്നതല്ലാതെ കെ റെയില്‍ കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് പോലുള്ള പ്രതിഷേധം കാരണം നിരവധി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെ കുറിച്ചുള്ള മതിപ്പ് കുറയും
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശശി തരൂരിനെ വിലക്കിയ കോണ്‍ഗ്രസ് നടപടി ശരിയല്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതേതര ജനാധിപത്യ പാര്‍ട്ടി നടത്തുന്ന സെമിനാറുകള്‍ ഒരുപാട് ആശയവിനിമയങ്ങള്‍ നടക്കുന്ന വേദിയാണ്.
ആ വേദിയില്‍ വന്ന് അഭിപ്രായം പറയേണ്ടത് കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തമാണ്. പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. പങ്കെടുക്കാതിരിക്കുമ്പോള്‍ സമൂഹത്തില്‍ അവരെ കുറിച്ചുള്ള മതിപ്പ് കുറഞ്ഞുവരുമെന്നും മന്ത്രി പറഞ്ഞു.
Also read: ഒന്നു മുതല്‍ ഒമ്പത് ക്ലാസുകൾക്ക് വാര്‍ഷിക പരീക്ഷ നാളെ മുതല്‍