തിരുവനന്തപുരം : ലിംഗ സമത്വം സംബന്ധിച്ച മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറിൻ്റെ പരാമർശത്തിനെതിരെ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുനീറിൻ്റെ പ്രസ്‌താവന പതിനാറാം നൂറ്റാണ്ടിലേതാണെന്ന് ശിവൻകുട്ടി പറഞ്ഞു. കാലം മാറിയത് മുനീർ ഇപ്പോഴും അറിഞ്ഞിട്ടില്ല.
സിഎച്ചിൻ്റെ മകനിൽ നിന്നും നിരുത്തരവാദപരവും സാമൂഹ്യ വിരുദ്ധവുമായ പ്രസ്‌താവന പ്രതീക്ഷിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സാരിയുടുത്താലേ ലിംഗസമത്വം ഉണ്ടാകൂവെന്ന മുനീറിന്‍റെ പ്രസ്‌താവന അത്‌ഭുതത്തോടെയാണ് കാണുന്നത്. ലീഗ് നേതൃത്വം മുനീറിൻ്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്ക് ഇഷ്‌ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല വേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു.
കോഴിക്കോട് നടന്ന എംഎസ്‌എഫ് സമ്മേളന വേദിയിലായിരുന്നു എം.കെ മുനീറിന്‍റെ വിവാദ പ്രസംഗം. ലിംഗ സമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മതനിഷേധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് ആരോപിച്ചിരുന്നു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗ സമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീര്‍ ചോദിച്ചിരുന്നു.