തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.ടി ജലീല്‍. വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. ഇവരെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായെത്തുന്നവരെ വിമാനത്താവളത്തില്‍ നിന്നു തന്നെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റുള്ളവരെ വീടുകളില്‍ നിരീക്ഷിക്കാനാണ് തീരുമാനമെന്നും കെ.ടി ജലീല്‍ പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങള്‍ തേടി വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളം നടത്തിയ മുന്നൊരുക്കങ്ങള്‍ വ്യക്തമാക്കി കേന്ദത്തിന് മറുപടി നല്‍കിയിട്ടുണ്ട്. കൊവിഡിതര രോഗങ്ങളാല്‍ വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ സര്‍വകലാശാല പരീക്ഷ നടത്താനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. സര്‍വകലാശാലകള്‍ക്ക് പരീക്ഷാ ക്രമം തീരുമാനിക്കാം. അടുത്ത അധ്യായന വര്‍ഷം തുടങ്ങാന്‍ പരീക്ഷകള്‍ തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.