തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ ട്രെയിൻ ഒക്ടോബറിന് ശേഷം പാളത്തിലോടും. കൊവിഡ് പശ്ചാത്തലത്തിൽ നിർമ്മാണ പ്രവൃത്തികളിൽ നേരിട്ട കാലതാമസം മറികടന്നാണ് കുട്ടി ട്രെയിൻ സഞ്ചാരത്തിനൊരുങ്ങുന്നത്. ടൂറിസ്റ്റ് വില്ലേജിലൂടെ ആക്കുളം കായലോരത്ത് വിസ്മയിപ്പിക്കുന്ന ഒന്നേകാൽ കിലോമീറ്റർ സഞ്ചാരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
48 പേർക്ക് സഞ്ചരിക്കാവുന്ന മൂന്നു കോച്ചുകളും കൽക്കരി എൻജിന്‍റെ മാതൃകയിലുള്ള എൻജിനുമായി കുട്ടി ട്രെയിൻ ടൂറിസ്റ്റ് വില്ലേജിൽ തയാറായിക്കഴിഞ്ഞു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ്. ഒക്ടോബറിന് ശേഷം വേളിയിലെ വിനോദക്കാഴ്ചകളിലെ പ്രധാന ആകർഷണമായി ട്രെയിൻ മാറുമെന്നാണ് ടൂറിസം വകുപ്പിന്‍റെ പ്രതീക്ഷ.
ഒമ്പത് കോടിയാണ് പദ്ധതിയുടെ ചെലവ്. ട്രെയിനോടുന്ന വഴിയിലെ ഒരു പാലത്തിന്‍റെ നിർമ്മാണമാണ് ഇനി പൂർത്തിയാകാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഭാരം വലിക്കാനുള്ള ട്രെയിനിന്‍റെ ശേഷി പരിശോധിച്ചു. ഇതുവരെയുള്ള പരിശോധനകളിൽ തൃപ്തരാണെന്ന് പദ്ധതിയുടെ കൺസൾട്ടൻസി വ്യക്തമാക്കി. പദ്ധതി പൂർണ സജ്ജമായാലും സന്ദർശകർക്ക് ഉടൻ കുട്ടി ട്രെയിൻ കയറി ചുറ്റാനായേക്കില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.