തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. 21 മുതൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി ജില്ല കലക്‌ടർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളുകളിൽ ശുചീകരണവും അണുനശീകരണവും നടത്തും.
വെള്ളിയാഴ്‌ച മുതൽ 20 വരെ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാതല ഓൺലൈൻ യോഗങ്ങൾ ചേരും. ആദിവാസി, തീരദേശ, മലയോര മേഖലകളിൽ നിന്നുള്ള കുട്ടികളുടെ ഹാജർനില പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂള്‍ ബസുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.
Also read: പൊലീസ് കാഴ്‌ചക്കാരായി, തൃശൂർ ജില്ല ആശുപത്രിയില്‍ എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം: video
വാക്‌സിനേഷൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കും. അടുത്തയാഴ്‌ച ജില്ലാതല അവലോകന യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തണമെന്നും നിർദേശം നൽകി. തീരദേശ, മലയോര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിന് കൃത്യമായ ഇടപെടലുണ്ടാവും. കുട്ടികൾക്ക് വീടുകളിൽ നിന്ന് സ്‌കൂളുകളിലേക്കും തിരികെയും സുരക്ഷിതമായ സഞ്ചരിക്കുന്നതിനുള്ള സാഹചര്യമൊരുക്കും.
തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസിൻ്റെ പ്രത്യേക കരുതൽ ഏർപ്പെടുത്തും. ലഹരിമരുന്ന് റാക്കറ്റുകൾ കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതിനാല്‍ എക്സൈസ് വകുപ്പിൻ്റെ പ്രത്യേക ശ്രദ്ധയുണ്ടാവും. പാഠഭാഗങ്ങളുടെ പൂർത്തീകരണം, പൊതുപരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവയ്ക്ക് വേണ്ടി പ്രത്യേക പ്രവർത്തന പദ്ധതികൾ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി.