തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടായാലാണ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുക.
നാല് കമ്പനികളാണ് ഇന്‍ഷുറന്‍സ് കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായത്. കമ്പനികളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളാനും യോഗത്തില്‍ ധാരണയായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഫ്ലാറ്റ് പൊളിക്കലിനുള്ള സ്പെഷ്യല്‍ ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിംഗും പങ്കെടുത്തു.
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്രാഥമിക നടപടികള്‍ 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. 30 അടി ഉയരത്തിൽ മറ കെട്ടിയായിരിക്കും കെട്ടിടങ്ങൾ പൊളിക്കുക. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടി ശല്യം ഒഴിവാക്കാൻ വെളളം സ്പ്രേ ചെയ്യും. ജനുവരി 11,12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കുക.