തിരുവനന്തപുരം: ഓൺലൈനിൽ വ്യാജ പരസ്യം നൽകി സ്ത്രീകളില്‍ നിന്ന് പണവും സ്വർണാഭരണവും കവർന്നയാൾ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി പുത്തൻ വീട്ടിൽ സനിത് കുമാറാണ് അറസ്റ്റിലായത്. ഒഎൽഎക്‌സ് വഴി ജോലി വാഗ്‌ദാനം നൽകി 18 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
2021 ഓഗസ്റ്റിലാണ് കേസിന് ആസ്‌പദമായ സംഭവം. വ്യാജ പരസ്യം കണ്ട് വെബ്സൈറ്റിൽ പേരു വിവരവും ഫോൺ നമ്പറും നൽകിയ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഫോണിൽ വിളിച്ച് ബയോഡേറ്റയും ആധാറുൾപ്പടെയുള്ള രേഖകളും കൈവശപ്പെടുത്തി. തുടർന്ന് മറ്റൊരു നമ്പറിൽ നിന്ന് വിളിച്ച് പണം ആവശ്യപ്പെട്ടു.
ആദ്യം ഓഫിസ് കാര്യങ്ങൾക്കായാണ് പണമെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും 18 പവനോളം സ്വർണ്ണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരയായതായി പൊലീസ് പറയുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച സിം നശിപ്പിച്ച് കളഞ്ഞ ശേഷം പുതിയ സിമ്മിൽ മറ്റൊരു പേരിലാണ് പ്രതി തട്ടിപ്പ് തുടർന്നുകൊണ്ടിരുന്നത്.
സ്ത്രീകളെ തട്ടിപ്പിനിരയാക്കി, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളിൽ മ്യൂസിയം, കൻ്റോൺമെൻ്റ്, മെഡിക്കൽ കോളജ്, നെടുമങ്ങാട് തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
2019ൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. 2017ൽ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിയപ്പോയ കേസും നിലവിലുണ്ട്.
പ്രതിയുടെ മൊബൈൽ നമ്പരും സോഷ്യൽ മീഡിയ അക്കൗണ്ടും പിന്തുടർന്നാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിരവധി പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നും ഇത് അന്വേഷിച്ച് വരുകയാണെന്നും സൈബർ ക്രൈം അസി. കമ്മിഷണർ ശ്യാം ലാൽ പറഞ്ഞു.
Also Read: മോഷ്‌ടിച്ച ഷർട്ടുമായി നിർമാണം നടക്കുന്ന വീടുകളിൽ മോഷണം; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി