തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് എംഎ ബേബി. ഇതിനായാണ് അപക്വമായി കുറ്റം കണ്ടുപിടിക്കുന്നത്. കൃത്രിമമായി പ്രതിപക്ഷത്തിന്‍റെ റോൾ നിർവഹിക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിട്ടതിന്‍റെ യശസ് ഇടതു മുന്നണിക്ക് ലഭിക്കുമെന്ന അങ്കലാപ്പിലാണ് പ്രതിപക്ഷം.
ലോകാരോഗ്യ സംഘടന വിവര ശേഖരണത്തിനും പരിപാലനത്തിനും കരാർ ഉണ്ടാക്കിയ കമ്പനിയുമായാണ് സംസ്ഥാന സർക്കാർ സൗജന്യമായി കരാറിൽ ഏർപ്പെട്ടത്. അടിയന്തര ആവശ്യമായതിനാലാണ് ഇത്തരമൊരു വിദേശ കമ്പനിയെ തെരഞ്ഞെടുത്തത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ഇത്തരം കമ്പനികളുമായി കരാര്‍ ഒപ്പിട്ടുണ്ട്. വിദേശ കമ്പനികളുമായി കരാർ പാടില്ലെന്നാണോ കോൺഗ്രസിന്‍റെ അഭിപ്രായമെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു. കേരളത്തിന്‍റെ റിപ്പോർട്ട് പി.ബി തള്ളിയെന്ന വാർത്തകള്‍ തെറ്റെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.