തിരുവനന്തപുരം : സർവീസിൽ നിന്ന് സ്വയം വിരമിക്കലിനുള്ള എം ശിവശങ്കറിന്‍റെ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. വകുപ്പുതല അന്വേഷണവും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്ന കേസില്‍ പ്രതിയായതുമുള്‍പ്പടെയുള്ള സാങ്കേതികതകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷവും 3 മാസവും സസ്പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ ജനുവരിയിലാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. യുവജന, കായിക വകുപ്പിന്‍റെ സെക്രട്ടറിയായ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മൃഗസംരക്ഷണം ക്ഷീരവികസനം എന്നീ വകുപ്പുകളുടെ അധിക ചുമതല സര്‍ക്കാര്‍ നല്‍കിയിരുന്നു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെന്‍റ് ചെയ്‌തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്മെന്‍റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്.
ഇഡിയും കസ്റ്റംസും അറസ്റ്റ് ചെയ്‌തതിനെത്തുടർന്ന് 98 ദിവസം ശിവശങ്കർ ജയിലില്‍ കഴിയുകയും ചെയ്‌തിരുന്നു. ജയില്‍ മോചിതനായ ശേഷം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന ചതിക്കുകയായിരുന്നെന്ന് ആരോപിച്ച് ശിവശങ്കര്‍ പുസ്‌തകവുമെഴുതി. അടുത്ത വര്‍ഷം ജനുവരി വരെയാണ് എം ശിവശങ്കറിന്‍റെ സര്‍വീസ് കാലാവധി.