തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക യുവജന ക്ഷേമ സെക്രട്ടറിയുമായ എം ശിവശങ്കര്‍ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചത് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുസ്‌തകം എഴുതാന്‍ എം ശിവശങ്കര്‍ അനുമതി തേടിയിരുന്നില്ല. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു.
പുസ്‌തകത്തിന് അനുമതിയുണ്ടോ എന്നത് സാങ്കേതികം മാത്രമാണെന്നും സ്വന്തം അനുഭവം പുസ്‌തകത്തിലൂടെ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഈ നിലപാടെടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ശിവശങ്കര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പുസ്‌തകം എഴുതിയതെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത്.
Also read: സ്വപ്നയ്ക്ക് സ്വര്‍ണ്ണക്കടത്ത് ബന്ധമെന്നറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായെന്ന് എം. ശിവശങ്കർ
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലാണ് എം ശിവശങ്കര്‍ തന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അനുഭവങ്ങളും കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായിരുന്നു പുസ്‌തകത്തില്‍.
സ്വപ്‌ന സുരേഷിനെ പൂര്‍ണമായി തള്ളുന്ന പുസ്‌തകത്തില്‍, സ്വപ്‌നയ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും തന്നെ ഒരു ഐ ഫോണ്‍ നല്‍കി സ്വപ്‌ന കബളിപ്പിക്കുകയുമായിരുന്നുവെന്നും ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വപ്‌ന നിഷേധിക്കുകയായിരുന്നു.
അതേസമയം, സ്വപ്‌ന സുരേഷിന്‍റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കോവളം എംഎല്‍എ എം വിന്‍സെന്‍റിന്‍റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.