തിരുവനന്തപുരം: ജിഎസ്‌ടി വെട്ടിപ്പ് തടയുന്നതിനായി സംസ്ഥാന ചരക്ക് സേവന വകുപ്പ് ആരംഭിച്ച ലക്കി ബിൽ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. മൊബൈല്‍ ആപ്പിലൂടെ യഥാര്‍ഥ ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം രൂപ വരെ നേടാനാകും. ബില്ല് ചോദിച്ച് വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള ഡിജിറ്റല്‍ സർവകലാശാലയുടെ പങ്കാളിത്തത്തോടെയാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. രാജ്യത്ത് ഇത്തരത്തില്‍ ഒരു സംരംഭം ഇതാദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ, വനശ്രീ നല്‍കുന്ന ഗിഫ്‌റ്റ് പാക്കേജുകള്‍, കെടിഡിസി ടൂര്‍ പാക്കേജ്, ബംബര്‍ സമ്മാനമായി 25 ലക്ഷം രൂപ എന്നിവയാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് നല്‍കുക.
ലക്ഷ്യം നികുതി പിരിവില്‍ വര്‍ധനവ്: ആപ്പിലൂടെ പൊതുജനങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും ബില്ലുകൾ നേരിട്ട് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് ലഭിക്കും. ഇതിലൂടെ സംസ്ഥാനത്തിന്‍റെ നികുതി പിരിവില്‍ വര്‍ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും www.keralataxes.gov.in ല്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റർ ചെയ്‌ത ശേഷം ബില്ലുകളുടെ ഫോട്ടോ എടുത്ത് ആപ്പില്‍ ബില്ല് അപ്‌ലോഡ് ചെയ്യാം. ലക്കി ബിൽ ആപ്പിനായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.
Read more: ജിഎസ്‌ടി വെട്ടിപ്പ് തടയാന്‍ 'ലക്കി ബിൽ ആപ്പ്' ; ഓഗസ്റ്റ് 16ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും