തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. ഇത് കൂടി പരിശോധിച്ച ശേഷം അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്കും, കേരള സംസ്ഥാന പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടികയുടെ പകര്‍പ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വോട്ടര്‍ പട്ടിക ലഭിക്കും.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാത്തതില്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനുമായി തര്‍ക്കത്തിലാണ്. കരട് പട്ടികയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പട്ടിക പുതുക്കല്‍ നടപടിയുമായി പ്രതിപക്ഷം സഹകരിക്കാനുള്ള സാധ്യതയില്ല.