തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്തവരുടെ വിവരം സമൂഹം അറിയണം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയെങ്കിലും വാക്‌സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.
വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുകള്‍ തുറന്ന് ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.