തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപ്പനയിൽ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങില്ല. കെഎസ്ആർടിസിയുടെ നിരവധി സ്ഥലങ്ങൾ ഒഴിഞ്ഞു കിടപ്പുണ്ട്. ഇവിടം പൊതു ജനങ്ങളുമായി ബന്ധമില്ലാത്ത പ്രദേശങ്ങളാണ്.
കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വരുമാനം നേടിയെടുക്കാനുള്ള നിർദേശമാണ് കെഎസ്ആർടിസി മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യം സർക്കാരിന്‍റെ മുന്നിൽ വന്നിട്ടില്ല. നിർദേശം വന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്‌ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സുകളില്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള തീരുമാനവുമായി ബീവറേജസ് കോർപ്പറേഷൻ മുന്നോട്ടു പോവുകയാണ്. ഡിപ്പോകളില്‍ മദ്യവില്‍പന ശാലകള്‍ ഉണ്ടാകില്ലെന്നും കോമ്പൗണ്ടിന് പുറത്തുള്ള ഭൂമിയിലാണ് പ്രവര്‍ത്തനമെന്നും എംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ഭൂമിയില്‍ മദ്യവില്‍പന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചിരുന്നു. എല്ലാവരുടേയും അഭിപ്രായം കേട്ട ശേഷമേ അത്തരമൊരു നടപടിയിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Read more: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന; തീരുമാനത്തിലുറച്ച് കോർപറേഷൻ