തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്നാഴ്‌ച യാത്രാവിലക്കേർപ്പെടുത്തിയ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നടന്നുപോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. നിലവാരമില്ലാത്തതും വൃത്തികെട്ടതുമായ ഒരു കോര്‍പറേറ്റ് കമ്പനിയാണ് ഇന്‍ഡിഗോയെന്ന് ആരോപിച്ച ഇ.പി ജയരാജന്‍ തന്‍റെ ഒരു പൈസ പോലും അവര്‍ക്ക് നല്‍കില്ലെന്നും വ്യക്തമാക്കി.
ഇന്‍ഡിഗോ കമ്പനിയെ താന്‍ ഉപേക്ഷിക്കുകയാണ്, ഇന്‍ഡിഗോയില്‍ യാത്ര ചെയ്‌തില്ലെങ്കില്‍ തനിക്കൊന്നും സംഭവിക്കില്ല. ഇന്‍ഡിഗോ മാന്യതയില്ലാത്തതും ചട്ടങ്ങള്‍ പാലിക്കാത്തതുമായ കമ്പനിയാണ്. യഥാർഥത്തില്‍ അവര്‍ തനിക്ക് അവാര്‍ഡ് തരികയായിരുന്നു വേണ്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
താന്‍ ഇല്ലായിരുന്നെങ്കില്‍ വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടു എന്ന കളങ്കം ഇന്‍ഡിഗോയ്ക്ക് ഉണ്ടാകുമായിരുന്നു.താന്‍ ഉള്ളതുകൊണ്ടാണ് 7,8 സീറ്റുകളിലിരുന്ന യൂത്ത് കോണ്‍ഗ്രസ് ക്രിമനലുകള്‍ക്ക് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കഴിയാതിരുന്നത്. മുഖ്യമന്ത്രി തനിക്ക് പിന്നില്‍ 20-ാം നമ്പര്‍ സീറ്റിലാണിരുന്നത്, താന്‍ 18-ാം നമ്പര്‍ സീറ്റിലും.
താന്‍ ഉള്ളതുകൊണ്ട് വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ക്രിമിനലുകള്‍ക്ക് മുഖ്യമന്ത്രിക്ക് അടുത്തെത്താനായില്ല. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടെങ്കില്‍ അത് ആ കമ്പനിക്ക് എത്രമാത്രം കളങ്കമാകുമായിരുന്നു, അതുണ്ടാകാതെ നോക്കിയതിന് കമ്പനി തനിക്ക് പുരസ്‌കാരം നല്‍കുകയല്ലേ ചെയ്യേണ്ടത്. താന്‍ ആരെന്നുപോലും അറിയാതെയാണ് ഈ കമ്പനി തനിക്ക് വിലക്കേര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിക്കെതിരായി വിമാനത്തില്‍ നടന്ന പ്രതിഷേധം ഇന്‍ഡിഗോ കമ്പനിയുടെ അറിവോടെയാണെന്ന പുതിയ ആരോപണവും ജയരാജന്‍ ഉന്നയിച്ചു. പ്രതിഷേധിച്ചവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും ഇവരുടെ യാത്ര സംശയാസ്‌പദമാണെന്നും ഇന്‍ഡിഗോയ്ക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാരുടെ യാത്ര തടയുന്നതിന് പകരം 36,000 രൂപ മാത്രം കണക്കിലെടുത്ത് അവര്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.
ഇന്ന് രാവിലെ വിമാന യാത്രാവിലക്ക് സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ ഇത്തരത്തില്‍ ഒരറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും പരിശോധിച്ച് പിന്നീട് പ്രതികരിക്കാമെന്നുമാണ് ഇ.പി ജയരാജന്‍ അറിയിച്ചത്. പിന്നാലെ പ്രതികരിച്ച ജയരാജന്‍ തനിക്ക് നേരിട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും ഇന്‍ഡിഗോയുടെ കേന്ദ്ര ഓഫിസില്‍ നിന്ന് തിരുവനന്തപുരത്തെ അവരുടെ ഓഫിസിലേക്ക് അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ചു.
ജൂണ്‍ 13നാണ്,കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌ത ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ അതിനുള്ളില്‍വച്ച് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരും വിമാനത്തിനുള്ളില്‍ വച്ച് മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ജയരാജനെതിരെ യാത്രാവിലക്ക് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന ഡയറക്‌ടര്‍ ജനറലിനും കത്ത് നല്‍കിയിരുന്നു.