തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വിശദീകരണത്തില്‍ വ്യക്തത കുറവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. തട്ടിപ്പു കേസിലെ പ്രതിയും കെ സുധാകരനുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെ കെപിസിസി അപമാനിക്കപ്പെട്ട സ്ഥിതിയിലായിരിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.
നിരവധി ഡോക്‌ടര്‍മാര്‍ കേരളത്തിലുണ്ടെന്നും എന്നാല്‍ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന ഒരാളെ കുറിച്ച് സുധാകരന് മാത്രമേ അറിയൂ. ഇത്തരത്തിലാണ് സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കുന്നെങ്കില്‍ തകര്‍ച്ച കൂടുതല്‍ വേഗത്തിലാകുമെന്നും വിജയരാഘവന്‍ പറഞ്ഞു. പുരവസ്‌തു തട്ടിപ്പ് കേസില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരും. തട്ടിപ്പില്‍ ആരൊക്കെ പങ്കാളിയായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.