തിരുവനന്തപുരം : വിവാദമായ ആസാദ് കശ്‌മീര്‍ പരാമര്‍ശത്തെ തുടര്‍ന്ന് കോടതി കേസെടുത്തതിന് പിന്നാലെ തന്‍റെ ഫേസ്ബുക്ക് കുറിപ്പിനെ ന്യായീകരിച്ച് കെ ടി ജലീല്‍ രംഗത്ത്. നിയമസഭയില്‍ സര്‍വകലാശാല ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ജലീലിന്‍റെ ന്യായീകരണം. അഡ്വക്കേറ്റ് കൃഷ്‌ണനുണ്ണി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിയാണ് തന്‍റെ തെറ്റിനെ ന്യായീകരിക്കാന്‍ ജലീല്‍ വീണ്ടും ശ്രമിച്ചത്.
ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പടെയുള്ളവര്‍ അധിനിവേശ കശ്‌മീരിനെ ആസാദ് കശ്‌മീര്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് കൃഷ്‌ണനുണ്ണി പോസ്റ്റില്‍ പറയുന്ന കാര്യം ജലീല്‍ ചൂണ്ടിക്കാട്ടി. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്‍വേര്‍ട്ടഡ് കോമയ്ക്കുള്ളിലാണ് ആസാദ് കശ്‌മീര്‍ എന്ന പരാമര്‍ശം നടത്തിയിട്ടുള്ളത്. എന്നാല്‍ തന്‍റെ പ്രസ്‌താവന വളച്ചൊടിച്ച് സമൂഹത്തില്‍ സ്‌പര്‍ധയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് പോസ്റ്റ് പിന്‍വലിച്ചത്.
വര്‍ത്തമാനകാലത്ത് എന്ത് പറയുന്നു എന്നല്ല ആര് പറയുന്നു എന്നാണ് നോക്കുന്നത്. പോസ്റ്റിന്‍റെ പേരില്‍ എന്നെ രാജ്യ ദ്രോഹിയാക്കാന്‍ ശ്രമിച്ചു. പാകിസ്ഥാനിലേക്ക് എനിക്ക് ടിക്കറ്റുവരെ എടുത്തുവച്ചു. പാകിസ്ഥാനെതിരെ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്‍റെ കുടുംബാംഗമാണ് താൻ. പാകിസ്ഥാനെതിരായി യുദ്ധം നടക്കുമ്പോള്‍ പട്ടാളത്തില്‍ നിന്ന് പെന്‍ഷനായ എന്‍റെ ഉമ്മയുടെ പിതാവിനെ തിരിച്ചുവിളിച്ചു.
അന്ന് പോയ അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അക്കാലയളവിലാണ് അവരുടെ വിവാഹം നടത്തിയതെന്ന് ഉമ്മ പല തവണ പറയുന്നത് കേട്ടുവളര്‍ന്നവനാണ് താന്‍. ആ രാജ്യസ്‌നേഹിയുടെ കൊച്ചുമകനാണ് താൻ. തനിക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തതിൽ ഈ സഭയിലുള്ള ചിലരും ഒപ്പം ചേര്‍ന്നുവെന്നും ജലീല്‍ ആരോപിച്ചു.