തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ഐ.എ.എസ് ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെത്തിയ ബിജു പ്രഭാകറിന് മുൻ സി.എം.ഡി എം.പി ദിനേശ് സ്ഥാനം കൈമാറി. ഏറ്റവും വലിയ വെല്ലുവിളിയാണ് താൻ ഏറ്റെടുക്കുന്നതെന്നും മൂന്ന് വർഷം കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.ഡിയായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിയിൽ കൊവിഡ് കടുത്ത വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകർ എം.ഡിയായി ചുമതലയേറ്റത്. പ്രതിസന്ധിയെ അവസരമായി മാറ്റാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബിജു പ്രഭാകർ പറഞ്ഞു.
ഇതിനായി പ്രത്യേക മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ബൈക്ക് യാത്രാക്കാരെ കെ.എസ്.ആർ.ടി.സിയിലേയ്ക്ക് ആകർഷിക്കുകയെന്നതാണ് ഇതിൽ പ്രധാനം. രാത്രിയിൽ കൂടുതൽ ദീർഘദൂര സർവീസുകൾ ഏർപ്പെടുത്താനും ആലോചനയുണ്ട്. ബസ് സ്റ്റാൻഡുകൾ സ്ത്രീ സൗഹൃദമാക്കും. കാലപ്പഴക്കം വന്ന ബസുകൾ മാറ്റും. ഇ- ബസുകൾക്ക് മുൻഗണന നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായി നടപ്പാക്കാനാകില്ല. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്. ടിക്കറ്റ് ചാർജ് വർധനവും ഗുണകരമാകില്ല. കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കും. ടിക്കറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. കാർഡ് പേയ്‌മെന്‍റിന് പ്രാധാന്യം നൽകും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. തൊഴിലാളി വിരുദ്ധ സമീപനമുണ്ടാകില്ലെന്നും അഴിമതി ആര് കാണിച്ചാലും കർശന നടപടിയുണ്ടാകുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
സാമൂഹിക നീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെ.എസ്.ആർ.ടി.സിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിൽ തുടരുന്ന കെ.എസ്.ആർ.ടി.സിയ്ക്ക് പുതു ജീവൻ നൽകുകയെന്ന വലിയ ദൗത്യമാണ് ബിജു പ്രഭാകറിന്‍റെ മുന്നിലുള്ളത്.