തിരുവനന്തപുരം: കാലവസ്ഥാ പ്രവചനമനുസരിച്ച് കാലവര്‍ഷം ഉടന്‍ ദുര്‍ബലമായാല്‍ കേരളത്തിലെ ഡാമുകളുടെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള.
എന്നാല്‍ ബുധനാഴ്ചയും മഴ തുടര്‍ന്നാല്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത് സഥിതി വഷളാക്കും. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയും ജില്ലാ ഭരണ കൂടങ്ങളുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മാത്രമേ ഡാമുകള്‍ തുറക്കുകയുള്ളൂ. രാത്രികാലങ്ങളില്‍ ഡാമുകള്‍ തുറക്കുകയില്ല. അക്കാര്യങ്ങളിലൊന്നും പൊതു ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും എന്‍.എസ്.പിള്ള വ്യക്തമാക്കി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളുടെ സ്ഥിതി സംബന്ധിച്ച് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കെ.എസ്.ഇ.ബിയുടെ 17 ഡാമുകളില്‍ ആറോളം ഡാമുകള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ 2383 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2420 അടിയാണ് ഫുള്‍ റിസര്‍വോയര്‍. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് 127 അടി മാത്രമാണ്. 137 അടിവരെ ഇവിടെ ജലം ശേഖരിക്കാം. തുറന്നിട്ടിരിക്കുന്ന ഡാമുകളില്‍ ഏറ്റവും വലുത് ബാണാസുര സാഗര്‍ ആണ്. എന്നാല്‍ ഇവിടെ മഴയും നീരെഴുക്കും കുറയുന്നതിനാല്‍ നാളെയോ മറ്റെന്നാളോ ഷട്ടര്‍ അടയ്ക്കാനാകും.
കാലവസ്ഥാ പ്രവചനം അനുസരിച്ച് മഴ നാളെ മുതല്‍ ശക്തി കുറഞ്ഞാല്‍ പേടിക്കാനില്ല. എന്നാല്‍ മഴ രണ്ടോ മൂന്നോ ദിവസം കൂടി നീണ്ടാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരും. അപ്പോള്‍ ജലം ഇടുക്കി ഡാമിലേക്ക് തുറന്നു വിടേണ്ടിവരും. എല്ലാം മഴയെ ആശ്രയിച്ചായിരിക്കും. ഷോളയാര്‍, പെരിങ്ങള്‍ കുത്ത് ഡാമുകളിലേക്ക് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടാലും ശേഖരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടില്‍ ഇപ്പോള്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ ഡാം തുറക്കുന്നത് കുട്ടനാടിനെ ബാധിക്കുമെന്നതിനാല്‍ നേരിയ തോതില്‍ മാത്രമേ വെള്ളം തുറന്നു വിടുകയുള്ളൂ. എന്നാല്‍ കക്കി ഡാം അതിവേഗം നിറയുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. നീരൊഴുക്ക് ശക്തമായതിനാല്‍ ഉടന്‍ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കും. അതിനാല്‍ പമ്പയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. എല്ലാ മുന്നറിയിപ്പുകള്‍ക്കും ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.