തിരുവനന്തപുരം: തനിക്കെതിരെ എത്ര കേസെടുത്താലും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ പ്രതിഷേധവും പോരാട്ടവും തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥൻ. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സംബന്ധിച്ച ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി സമരം ചെയ്തവരെ ജയിലടിക്കാനുള്ള മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ പ്ലാനാണ് കോടതി ജാമ്യം അനുവദിച്ചതിലൂടെ തകര്‍ന്നത്. ചെറിയ ഒരു പ്രതിഷേധത്തെ പോലും വധശ്രമമായി കാണുന്ന മുഖ്യമന്ത്രി ഭീരുവാണ്. എത്രത്തോളം അടിച്ചമർത്താൻ ശ്രമിച്ചാലും അതിന്‍റെ ഇരട്ടി വേഗതയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും ശബരിനാഥൻ പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ക്രിമിനല്‍ പ്രവർത്തനങ്ങളുടെയും മാസ്റ്റര്‍ മൈന്‍റ് ഇ.പി ജയരാജനാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇപിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇതിനെതിരെ നിയമ പോരാട്ടം തുടരുമെന്നും ശബരിനാഥന്‍ കൂട്ടിച്ചേർത്തു.
അതേസമയം കളള കേസില്‍ കുരുക്കി യൂത്ത് കോണ്‍ഗ്രസിനെ നിശബ്‌ദനാക്കാന്‍ കഴിയില്ലെന്ന് ഷാഫി പറമ്പില്‍ എംഎൽഎ പറഞ്ഞു. പൊലീസ് കള്ളന്‍മാരെ പോലെയാണ് പെരുമാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തില്‍ പോലും കള്ളത്തരം കാട്ടി. ഇത്രയും നേരം കസ്റ്റഡിയിലുണ്ടായിട്ടും മൊബൈല്‍ ആവശ്യപ്പെട്ടത് കോടതിയിലാണ്.
റിമാൻഡിന്‍റെ കൊതിയോടെയാണ് പൊലീസ് കേസിനെ സമീപിച്ചത്. ഇത്രയ്ക്ക് തരംതാഴ്ന്ന പൊലീസ് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതേസമയം ശബരിനാഥിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസും, ജാമ്യം നൽകിയതിനെതിരെ സിപിഎമ്മും വഞ്ചിയൂർ കോടതിക്ക് മുന്നിൽ പ്രകടനം നടത്തി.