തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയില്‍ സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മൂന്നുകൊല്ലം ഒപ്പമുണ്ടായിരുന്ന സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാള്‍ക്ക് എങ്ങനെയാണ് ഡാമിനെ കുറിച്ച് അറിയാന്‍ കഴിയുന്നത്. എന്ത് നാണംകെട്ട മന്ത്രിസഭയാണ് കേരളത്തിലേത്.
ഡാമിന് ബലക്ഷയം ഇല്ലെന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രി ആരാണ് ലോകം കണ്ട എഞ്ചിനീയറാണോ എന്നും സുധാകരന്‍ പരിഹസിച്ചു.
വനംവകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ശശീന്ദ്രന് നാണവും മാനവും ഇല്ലേയെന്നും മന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ജോജു വിഷയത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം തടഞ്ഞത് സിപിഎം'
ജോജു ജോര്‍ജ് വിഷയത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം തടഞ്ഞത് സിപിഎമ്മിന്‍റെ ഇടപെടലെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒത്തുതീര്‍പ്പിനായി ജോജുവിന്‍റെ സുഹൃത്ത് കാണാന്‍ വന്നിരുന്നു. എന്നാല്‍ ഇത് സിപിഎം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു.
ജോജുവിന്‍റെ പ്രശ്‌നം വ്യക്തിപരമാണ്. ഇതിന്‍റെ പേരില്‍ സിനിമ ലോകത്ത് എല്ലാവരോടുമായി സമരം നടത്തി കാടടച്ച് വെടിവയ്ക്കരുത്. ജോജു ഒരു തെറ്റ് കാണിച്ചാല്‍ സിനിമാക്കാരെ മുഴുവനും അതിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.
എംജി യൂണിവേഴ്‌സിറ്റിയിലെ ദീപയുടെ സഹന സമരം ദലിത് വര്‍ഗത്തിന്‍റെ ആത്മവീര്യം കൂട്ടി. ഗവേഷക വിദ്യാര്‍ഥിക്ക് വൈകിയെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷം. അതേസമയം, പാലക്കാട് മുതലമട അംബേദ്‌കര്‍ കോളനിയിലെ കുടുംബങ്ങളോട് ജാതി വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇതിന് പുറകില്‍ സിപിഎമ്മാണെന്നും സുധാകരന്‍ ആരോപിച്ചു.
വീടും സ്ഥലവും ഇല്ലാത്ത കോളനിയിലെ 47 കുടുംബങ്ങളെ കോണ്‍ഗ്രസ് സംരക്ഷിക്കും. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത് അനാവശ്യ പിഴ ചുമത്തുകയാണ്. ഇവര്‍ക്ക് പാര്‍ട്ടി നിയമ സംരക്ഷണം നല്‍കുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.
Also read: മുല്ലപ്പെരിയാര്‍ മരംമുറി: സര്‍ക്കാര്‍ വാദം പൊളിയുന്നു, പരിശോധനയുടെ തെളിവുകള്‍ പുറത്ത്