തിരുവനന്തപുരം: ഐക്യമില്ലായ്‌മയും അഭിപ്രായ ഭിന്നതകളുമാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന പൊതു വിലയിരുത്തലാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലുയർന്നത്. ഇതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന വിമർശനവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടായില്ല. ഇതിനുത്തരവാദികൾ ബൂത്ത് പ്രസിഡന്റുമാരോ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നവരോ അല്ലെന്നും മറിച്ച് നേതൃത്വമാണെന്നും പലരും തുറന്നടിച്ചു. പ്രചാരണത്തിലും വീഴ്ചകളുണ്ടായി. സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ഉണ്ടായ തർക്കങ്ങളും അനൈക്യവും പരിഹരിക്കാനായില്ല. ഇതും തിരിച്ചടിക്ക് കാരണമായതായി യോഗത്തിൽ ആക്ഷേപമുയർന്നു. പാലായിൽ നിന്ന് കോൺഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് എം.എം ഹസൻ കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയങ്ങൾ പഠിക്കാൻ അന്വേഷണ സമിതിയെ നിയമിക്കാനും തീരുമാനിച്ചു.
കൊച്ചി മേയറെയും ഭരണ സമിതിയെയും മാറ്റി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു.
അല്ലാത്തപക്ഷം സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന് ബെന്നി ബഹന്നാന്നും വി.ഡി സതീശനും ചൂണ്ടിക്കാട്ടി. വിഷയത്തിൽ തുടർ ചർച്ചകൾ നടത്തി ഉചിതമായ തീരുമാനമെടുക്കാൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തി. കെ.പി.സി.സി പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളെ പാർട്ടി ഭാരവാഹികൾ ആക്കരുതെന്നും ഒരാൾക്ക് ഒരു പദവി മതിയെന്നും പി.ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു