തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖത്ത് കൊഴിയാള ചാകര. ചൊവ്വാഴ്‌ച മുതൽ തുടങ്ങിയ ചാകരക്കൊയ്ത്തിനാൽ വിഴിഞ്ഞം തുറമുഖം കൊഴിയാള കൊണ്ട് നിറഞ്ഞു. ചാകര എത്തിയതറിഞ്ഞ് മീൻ വാങ്ങാൻ വിഴിഞ്ഞത്തേക്ക് ആളുകൾ ഇരച്ചെത്തി.
രണ്ടു ദിവസമായി ടൺ കണക്കിനു കൊഴിയാള മത്സ്യമാണ് കരയിലെത്തിയത്. തട്ടുമടി വലയിൽ ആണ് വലുപ്പം കുറഞ്ഞ കൊഴിയാള മീൻ കൂട്ടം ലഭിച്ചത്. രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപക്ക് വിറ്റിരുന്ന മീൻ പിന്നീട് 300 രൂപക്കാണ് വിറ്റത്. മീൻ ഇറക്കാൻ ഫിഷിങ്ലാൻഡിൽ സ്ഥലം തികയാത്തതിനാൽ കൊഴിയാളയുമായി എത്തിയ വള്ളങ്ങൾ പഴയ വാർഫിലാണ് പിന്നീട് മീൻ ഇറക്കിയത്.
ALSO READ: വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല; ആരോഗ്യ മന്ത്രി വീണാ ജോർജ്
ചുളുവിലക്ക് മീൻ സ്വന്തമാക്കാൻ തമിഴ്‌നാട്ടിലെ കോഴിത്തീറ്റ നിർമ്മാണ കേന്ദ്രത്തിൽ നിന്നുവരെ ആളുകൾ വണ്ടിയുമായെത്തി. തുറമുഖത്തെത്തിയവര്‍ കുറഞ്ഞ വിലക്ക് കുട്ടക്കണക്കിന് മീനുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ നിരാശയിലാണ്. ഇന്ധനവില കൂടി നില്‍ക്കുമ്പോള്‍ മീന്‍ വില കുറഞ്ഞത് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.