തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത സംഭവമായിരുന്നു. ഇത്തരം നിലപാടുകൾ ജനങ്ങൾക്കിടയിൽ പാർട്ടിയെ ഒറ്റപ്പെടുത്തും, പാർട്ടി അംഗങ്ങൾ കുറ്റക്കാരാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും, വയനാട് ജില്ല കമ്മിറ്റിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കും. നുഴഞ്ഞുകയറ്റം അടക്കം എല്ലാ കാര്യവും പരിശോധിക്കേണ്ടതാണ്. ഇക്കാര്യം എസ്.എഫ്.ഐ നേതൃത്വം ആണ് ചെയ്യേണ്ടത്. ഇത് സാധാരണ എസ്.എഫ്.ഐയുടെ സമര രീതിയല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മറ്റു പാർട്ടികളുടെ പാർട്ടി ഓഫിസുകൾക്ക് നേരെ അതിക്രമം പാടില്ലെന്നും പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. അക്രമങ്ങളിൽ നിന്ന് മാറി നിൽക്കണം. ഈ നില തുടർന്നാൽ യുഡിഎഫിനാണ് ഗുണമാവുക എന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവം യുഡിഎഫ് നേതൃത്വത്തിൻ്റെ അറിവോടെയാണ്. പ്രതിപക്ഷ നേതാവിൻ്റെ നിലപാട് ശരിയാണോ എന്ന് സ്വയം പരിശോധിക്കണം. ദേശാഭിമാനി ജില്ല ലേഖകനെ ഭീഷണിപ്പെടുത്തി, ചോദ്യം ചോദിച്ചാൽ പ്രകോപിതനാകുന്ന നിലയല്ല പ്രതിപക്ഷ നേതാവ് സ്വീകരിക്കേണ്ടത് എന്നും കോടിയേരി പറഞ്ഞു.
മന്ത്രി വീണ ജോർജിൻ്റെ പേഴ്‌സണൽ സ്റ്റാഫ് കെ.ആർ അവിഷിത്തിനെ പുറത്താക്കിയത് വയനാട് അക്രമ സംഭവത്തിന് ശേഷം ആണെന്ന് കോടിയേരി സ്ഥിരീകരിച്ചു. എന്നാൽ ജോലിക്ക് വരാത്തതിനാൽ നേരത്തെ തന്നെ ഇയാളെ മാറ്റി നിർത്തിയിരുന്നുവെന്ന് കോടിയേരി അറിയിച്ചു.