തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇടപെടല്‍ ഉറപ്പിക്കാന്‍ നടപടി സ്വീകരിച്ച് പൊലീസ്. തൊഴിലാളികളുമായി നല്ല ബന്ധമുണ്ടാക്കാനുള്ള നടപടികള്‍ക്കാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.
ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ഇവര്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നത്, തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആരൊക്കെയാണ് എന്നി കാര്യങ്ങള്‍ കണ്ടെത്തണം. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തണം.
ശത്രുത മനോഭാവം വേണ്ട
ഡിവൈഎസ്‌പിമാരും എസ്എച്ച്‌ഒമാരും ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. തൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി ഇതിനുള്ള സംഘങ്ങളില്‍ ഉള്‍പ്പെടുത്തണം. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ട് തന്നെ അവരെ ശത്രുത മനോഭാവത്തോടെ നോക്കി കണ്ടുള്ള നടപടി വേണ്ടെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അക്രമം ഉള്‍പ്പെടെയുള്ള മോശമായ സംഭവങ്ങള്‍ എല്ലാവരേയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. അടിയന്തര സഹായങ്ങള്‍ക്കായി പൊലീസിന്‍റെ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ തീവച്ച് നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേക നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
Also read: കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം; റിമാൻഡ് റിപ്പോർട്ട് പുറത്ത്