തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). രണ്ടാം തരംഗത്തില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍, മഹാമാരിയെ ഫലപ്രദമായി നേരിടാന്‍ സഹായിച്ചു. നിലവിലെ ലോക്ക്ഡൗണ്‍ രീതിയില്‍ കാര്യമായ മാറ്റം വരുത്തണമെന്നും കെ.ജി.എം.ഒ നിര്‍ദേശിക്കുന്നു.
പ്രധാന നിര്‍ദേശങ്ങള്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ പൂര്‍ണമായും അടയ്ക്കുന്നതിനേക്കാള്‍ വാര്‍ഡുകള്‍ പോലുള്ള പ്രത്യേക മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് പ്രധാന നിര്‍ദേശം. ടി.പി.ആറിനെ മാത്രം അടിസ്ഥാനമാക്കി പ്രദേശങ്ങള്‍ തരംതിരിക്കുന്ന നിലവിലെ രീതിക്ക് മാറ്റണം.
പകരം പ്രധാന സൂചകങ്ങളായ പ്രതിദിന പുതിയ പോസിറ്റീവ് കേസുകള്‍, പ്രതിദിന സജീവ കേസുകള്‍ എന്നിവ കൂടി കണക്കാക്കണം. ടി.പി.ആര്‍ കുറയ്ക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണവും പരിശോധനയ്ക്കുള്ള രോഗികളെയും സൃഷ്ടിക്കുന്നത് ഒഴിവാക്കണം. തെറ്റായ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിനേക്കാള്‍ കേസുകള്‍ തിരിച്ചറിയുക എന്നതായിരിക്കണം പരിശോധനകളുടെ ഉദ്ദേശം.
കൂടുതല്‍ വായനക്ക്: രാജ്യത്ത് 30,549 പേര്‍ക്ക് കൂടി COVID 19 ; മരണം 422
അതിനാല്‍ രോഗ ലക്ഷണമുള്ളവരെയും അവരുടെ കോണ്‍ടാക്റ്റുകളെയും ലക്ഷ്യംവച്ച് പരിശോധന ശക്തമാക്കണം. കോളനികള്‍, തീരദേശങ്ങള്‍ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ നിരീക്ഷണവും പരിശോധനയും നടത്തണം.
ആദ്യ ഘട്ടത്തില്‍ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കിയ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, ക്വാറന്റൈന്‍ തുടങ്ങിയവ ശരിയായി മുന്നോട്ടുകൊണ്ടുപോകണം. അവശ്യേതര മേഖലകളില്‍ നിന്നുള്ള ജീവനക്കാരുടെ സഹായത്തോടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് നടത്താന്‍ പ്രാദേശിക ആര്‍.ആര്‍.ടിയെ ചുമതലപ്പെടുത്തണം. എല്ലാ പോസിറ്റീവ് കേസുകളും 17 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണം.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ക്വാറന്‍റൈന്‍ ചെയ്യപ്പെടണം. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ചെയ്യണം.
സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍ എന്നിവയില്‍ നിന്നുള്ള പനി, എ.ആര്‍.ഐ കേസുകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
ശാരീരിക അകലവും മറ്റ് കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചന്തസ്ഥലങ്ങള്‍ തുറക്കാം. അവയുടെ പ്രവര്‍ത്തന സമയം നീട്ടി തിരക്ക് കുറയ്ക്കണം.
കടകള്‍ തുറക്കാന്‍ കൂടുതല്‍ സമയം
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ തുറക്കാം. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങള്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാം.
കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് (എച്ച്.ഐയും അതിനു മുകളിലും) കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. സ്വന്തം വാഹനങ്ങളിലെ യാത്രയില്‍ അടുത്ത കുടുംബാംഗങ്ങളെ മാത്രമേ അനുവദിക്കാവൂ. ഐ.ഡി പ്രൂഫ് പരിശോധിച്ച് ഇത് ഉറപ്പാക്കാന്‍ കഴിയും.
ടാക്സി സര്‍വീസിനും നിയന്ത്രണം
പാര്‍ട്ടീഷനോടുകൂടിയ ടാക്‌സികളും ഓട്ടോറിക്ഷകളും മാത്രമേ അനുവദിക്കാവൂ. ഡ്രൈവര്‍ ക്യാബിനില്‍ യാത്രക്കാരെ അനുവദിക്കരുത്. ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്. ദൂരയാത്രക്കാര്‍ക്കായി തുറന്ന സ്ഥലത്ത് അകലത്തില്‍ ഭക്ഷണ സൗകര്യം അനുവദിക്കാം.
റിസോര്‍ട്ടുകളും ഹോട്ടലുകളും 25% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാം. വാക്‌സിനേഷന്‍ എടുത്തവരെയും കൊവിഡിന് പരിശോധനാഫലം നെഗറ്റീവ് ആയവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ. എല്ലാ വലിയ ഒത്തുചേരലുകളും എന്ത് വിലകൊടുത്തും ഒഴിവാക്കണമെന്നും കെ.ജി.എം.ഒ നിര്‍ദേശിക്കുന്നു.