തിരുവനന്തപുരം: സിക്ക വൈറസ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത് നെഗറ്റീവ്. രോഗബാധ ആദ്യം സ്ഥിരീകരിച്ച പാറശാല സ്വദേശിയായ യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.
17 പേരുടെ സാമ്പിളുകളാണ് പൂണൈ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. കൂടുതല്‍ പേരില്‍ വൈറസ് ബാധിച്ചിരുന്നോയെന്ന് ആരോഗ്യ വകുപ്പ് സംശയിച്ചിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായത് ആശ്വാസമായി.
Read more: തിരുവനന്തപുരം കിംസിൽ ആരും സിക്ക വൈറസ് ചികിത്സയിലില്ല: ആശുപത്രി അധികൃതർ
യുവതി താമസിച്ചിരുന്ന നന്ദന്‍കോട് നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ച് പരിശോധിച്ചത്. യുവതി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സിക്ക സ്ഥിരീകരിച്ചിരുന്നു. ഇവരുമായ സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളും വരും ദിവസങ്ങളില്‍ പരിശോധിയ്ക്കും.
അതേസമയം, സിക്ക വൈറസ് കണ്ടെത്തിയ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ശനിയാഴ്‌ച കേരളത്തിലെത്തുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ആറംഗ സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പാറശാല, നന്ദന്‍കോട് പ്രദേശങ്ങളാണ് സംഘം ആദ്യം സന്ദര്‍ശിക്കുക.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കേന്ദ്രസംഘം കൂടിക്കാഴ്‌ച നടത്തും. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നത്.
Read more: സിക്ക വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാനൊരുക്കി ആരോഗ്യ വകുപ്പ്;ഗര്‍ഭിണികളില്‍ പരിശോധന