തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകട ഇന്‍ഷുറന്‍സിന്‍റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസുകാരെയും പ്രതി ചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച്. തമിഴ്‌നാട്ടിലടക്കം നടന്ന അപകടങ്ങള്‍ തിരുവനന്തപുരത്ത് നടന്നുവെന്ന് വ്യാജരേഖകള്‍ ഉണ്ടാക്കി കോടികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അഭിഭാഷകരും പൊലീസുകാരും ഉള്‍പ്പെടെയുളള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലുള്ളത്. പട്ടം ട്രാഫിക്ക് സ്‌റ്റേഷന്‍, മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് തട്ടിപ്പ് കൂടുതലും കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് കേസുകളിലും ഒരേ ബൈക്ക്
2014 മുതല്‍ 2016 വരെ പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത അഞ്ച് കേസുകളില്‍ അപകടമുണ്ടാക്കിയതായി കാണിച്ചിരിക്കുന്നത് ഒരേ ബൈക്കാണ്. കുന്നുകുഴി സ്വദേശി സെബാസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഈ ബൈക്ക് ഇടിച്ചുവെന്നും ബൈക്കില്‍ സഞ്ചരിച്ചപ്പോള്‍ അപകടമുണ്ടായെന്നും കാണിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഈ കേസുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയ ഇന്‍ഷുറന്‍സ് കമ്പനി ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി. ഈ പരാതിയിലുളള അന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. അപകട ഇന്‍ഷുറന്‍സിനായി കോടതിയില്‍ നല്‍കിയ മൊഴികളും മഹസറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമെല്ലാം വ്യാജമായി നിര്‍മിച്ചവയാണ്. വ്യാജ കേസെടുത്ത് പൊലീസാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് അവസരം നല്‍കിയത്.
ഈ തട്ടിപ്പ് കേസുകളെല്ലാം കൈകാര്യം ചെയ്‌തിരിക്കുന്ന രണ്ട് അഭിഭാഷകരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതിന് പുറമേ വ്യാജ കേസുകളെടുത്ത അഞ്ച് എസ്‌ഐമാരടക്കമുള്ള 13 പൊലീസ് ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കാനാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.ആർ ബിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ തീരുമാനം. തട്ടിപ്പ് കേസില്‍ രണ്ട് എഫ്‌ഐആര്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Also read: ഗായത്രിയെ കാമുകൻ പ്രവീൺ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കിയെന്ന് പൊലീസ്