തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വാക്‌സിനേഷന്‍ മുന്‍ഗണന പട്ടിക പരിഷ്‌കരിച്ച് ആരോഗ്യ വകുപ്പ്. വിവിധ സര്‍വകലാശാലകളില്‍ പരീക്ഷ ആരംഭിച്ച സാഹചര്യത്തിലാണ് വിദ്യാർഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇവര്‍ക്ക് വാക്‌സിനേഷന്‍ എത്രയും വേഗം നടത്തി ക്ലാസുകള്‍ കൂടുതല്‍ വിപുലപ്പെടുത്തണമെന്ന സര്‍ക്കാര്‍ തീരുമാനവും ഈ നീക്കത്തിനു പിന്നിലുണ്ട്. കോളജ് വിദ്യാര്‍ഥികളെ കൂടാതെ അതിഥി തൊഴിലാളികളേയും വാക്‌സിനേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
also read: കൊവിഡ് സാഹചര്യം; മുഖ്യമന്ത്രി ഇന്ന് ജില്ല കലക്ടര്‍മാരെ കാണും
നിരവധി അതിഥി തൊഴിലാളികളാണ് ഇപ്പോള്‍ കേരളത്തിലുളളത്. കൂട്ടമായി താമസിക്കുന്ന ഇവരുടെ ഇടയില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. സ്വകാര്യ ബസ് ജീവനക്കാരേയും സെക്രട്ടേറിയറ്റ്, നിയമസഭ ജീവനക്കാരേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രിമാരുടേയും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളേയും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയിട്ടുണ്ട്. 56 വിഭാഗങ്ങളെ നേരത്തെ തന്നെ കൊവിഡ് വാക്‌സിനുള്ള മുന്‍ഗണന പട്ടികയില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നു. പരമാവധി വേഗത്തില്‍ വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനാണ് മുന്‍ഗണന പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്.