തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ 21ന് തുടങ്ങാനിരിക്കെ വിദ്യാർഥികൾ ആശങ്കയിൽ. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പരീക്ഷക്ക് എങ്ങനെ എത്തുമെന്ന ആശങ്കയിലാണ്. നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്ക് പുറമെ സബ് സെന്‍ററുകളും ഒരുക്കുമെന്ന് സർവകലാശാല അറിയിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ മാത്രമാണ് സെന്‍ററുകള്‍ അനുവദിച്ചിരിക്കുന്നത്.
എല്ലാ ജില്ലകളിലും സബ് സെന്‍ററുകള്‍ അനുവദിച്ചില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. കൂടാതെ വിദ്യാർഥികളിൽ പലരും ഹോട്ട് സ്പോട്ടുകളിൽ നിന്നുള്ളവരാണെന്നതും ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് ഭീതി മാറുന്നതുവരെ പരീക്ഷ മാറ്റിവെക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അതേസമയം പരീക്ഷക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത വിദ്യാർഥികൾക്കായി പിന്നീട് പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് സർവകലാശാല അറിയിച്ചു. അതിനിടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.