തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 55 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരാളെ കാണാതായി. ഏഴ് ക്യാമ്പുകളിലായി 90 പേരെ മാറ്റി പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് രണ്ടും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഓരോന്ന് വീതവുമാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല് ദിവസത്തേക്ക് അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2018ലെ പ്രളയത്തിന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്: ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. ജില്ല കലക്‌ടര്‍മാരുടെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. വിവിധ സേന വിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്.
Also read: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു ; കൂട്ടിക്കലില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കാന്‍ സജ്ജമായിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെത്തും: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടനെ പൂര്‍ത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്‍റെ നാല് അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും.
Also read: കനത്ത മഴ : ജില്ല പൊലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി
ജാഗ്രത പുലര്‍ത്തണം: യോഗത്തില്‍ ജില്ല തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എംഎല്‍എ, എംപിമാരെയും പങ്കെടുപ്പിക്കും. സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അതിനാവശ്യമായ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട സ്ഥലങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനപ്രദേശങ്ങളിലും ഊരുകളിലും ലയങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക് മുന്നറിയിപ്പുകള്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം. പൊതുജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. വീട്ടില്‍ നിന്ന് മാറാന്‍ നിര്‍ദേശമുണ്ടായാല്‍ അത് പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Also read: അതിതീവ്രമഴയ്‌ക്ക് സാധ്യത ; എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട്