തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുഴുവൻ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
തിങ്കളാഴ്‌ച 10 ജില്ലകളിലായി ഓറഞ്ച് അലര്‍ട്ട് ചുരുക്കിയിരുന്നു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയും ഇതേ മുന്നറിയിപ്പാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദമാണ് തെക്കേ ഇന്ത്യന്‍ തീരത്ത് ശക്തമായ മഴ തുടരാന്‍ കാരണം.
ALSO READ: സമരത്തിന് പൊലീസ് അനുമതിയുണ്ടായിരുന്നില്ല ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെന്ന് ഡിസിപി
നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം.
കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.