തിരുവനന്തപുരം: ലോക്‌ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി പൊലീസ്. അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ നടപടി ശക്തമാക്കും. ഇതിനായി പൊലീസ് പ്രത്യേക മാർഗരേഖ തയ്യാറാക്കും. അതേസമയം നിയന്ത്രണങ്ങൾ ലംഘിച്ച് ഇരുചക്രവാഹനങ്ങളടക്കം വ്യാപകമായി നിരത്തിലിറങ്ങുന്നുണ്ട്.
ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ ചികിത്സ ഉള്‍പ്പെടെയുള്ള ഒഴിവാക്കാനാകാത്ത യാത്രകൾക്ക് സത്യവാങ്മൂലം അനുവദിച്ചിരുന്നു. നിയന്ത്രണങ്ങളിൽ ചില ഇളവുകൾ കൂടി വന്നതോടെ കൂട്ടമായി ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ നിരത്തിലിറങ്ങിയിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് നിയന്ത്രണം കർശനമാക്കിയത്. തിരുവനന്തപുരം നഗരത്തിൽ തെറ്റായ വിവരങ്ങൾ നൽകി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
ലോക്ഡൗൺ ലംഘനത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ കഴിഞ്ഞ ദിവസം വിട്ടു നൽകിയെങ്കിലും ഇവ വീണ്ടും പിടികൂടിയാൽ കടുത്ത നടപടിയാകും ഉണ്ടാകുക.