തിരുവനന്തപുരം: ഭരണ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം ലക്ഷ്യമിട്ട് സംസ്ഥാനത്തെ മന്ത്രിമാർക്ക് വേണ്ടി നടത്തുന്ന പരിശീലന ക്ലാസിന് തിരുവനന്തപുരത്ത് തുടക്കം. ഐഎംജിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.
ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. അധികാരത്തിലേറി 100 ദിനം പൂർത്തിയാക്കിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാരുടെ പ്രവർത്തനം എത്താത്തതും പരിശീലന പദ്ധതിയ്ക്ക് കാരണമായിട്ടുണ്ട്. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും മുൻ ചീഫ് സെക്രട്ടറിമാരും ക്ലാസുകൾ നയിക്കും.
ക്ലാസുകളിൽ മന്ത്രിമാർ കർശനമായി പങ്കെടുക്കണമെന്ന നിർദേശം മുഖ്യമന്ത്രി കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നൽകിയിരുന്നു. ഒരു മണിക്കൂർ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 22ന് പരിശീലന പദ്ധതി അവസാനിക്കും. ദുരന്ത വേളകളിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന നിലയിൽ എങ്ങനെ ടീം ലീഡറാകാം, ഭരണ പരിജ്ഞാനം തുടങ്ങിയ സെഷനുകളാണ് ആദ്യദിനം നടക്കുക.
Read more: മന്ത്രിമാര്‍ വിദ്യാര്‍ഥികളാകുന്നു; പുതുമുഖ മന്ത്രിമാര്‍ക്ക് പരിശീലന കളരി