തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കൈയടി നേടി മറ്റൊരു കേരള മോഡല്‍ കൂടി. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ദൗത്യം വിജയകരമായി നടപ്പിലാക്കുകയാണ് സംസ്ഥാന ജയില്‍ വകുപ്പ്. 45 വയസിന് മുകളിലുള്ള മുഴുവന്‍ തടവുകാര്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. അടുത്ത മാസം പകുതിയോടെ അവശേഷിക്കുന്ന തടവുകാര്‍ക്കും വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കും.
കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേരളത്തിലെ ജയിലുകളില്‍ കൊവിഡ് വ്യാപനം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴി നിലവില്‍ പത്തില്‍ താഴെയാണ് സംസ്ഥാന ജയിലുകളിലെ കൊവിഡ് കണക്ക്. ഇതില്‍ അധികവും പുതിയതായി ശിക്ഷിക്കപ്പെട്ട് എത്തിയവരും. സംസ്ഥാന ജയില്‍ വകുപ്പ് ഡിഐജി സന്തോഷ് സുകുമാരന്‍ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇടിവി ഭാരതിനൊപ്പം പങ്കുവയ്ക്കുന്നു...
ഒന്നാം തരംഗം നല്‍കിയ പാഠം
2020 മാര്‍ച്ചില്‍ കൊവിഡ് ആദ്യം തരംഗം ഉണ്ടാകുമ്പോള്‍ ജയില്‍ വകുപ്പിന് രോഗത്തെ കുറിച്ചും വ്യാപനത്തെ പറ്റിയും പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു. ചുറ്റുമതിലിനുള്ളിലും അടച്ചിട്ട മുറികളിലും കഴിയുന്ന തടവുകാര്‍ക്ക് രോഗം ബാധിക്കില്ലെന്ന കണക്കൂകൂട്ടലായിരുന്നു. എന്നാല്‍ 2020 ഏപ്രിലോടെ സംസ്ഥാനത്തെ ജയിലുകളിലും കൊവിഡിന്‍റെ അപായ സൂചന എത്തി. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.
സ്ഥിരം തടവുകാരെ അടക്കം എവിടേക്ക് മാറ്റിപ്പാര്‍പ്പിക്കും എന്നതില്‍ വലിയ ആശങ്കയുണ്ടായി. തുടര്‍ന്ന് ഒരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചും സര്‍ക്കാരിന്‍റേയും ആരോഗ്യ വകുപ്പിന്‍റേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചും കൊവിഡിനെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.
കരുതലോടെ നേരിട്ട രണ്ടാം തരംഗം
കൊവിഡ് ആദ്യ തരംഗം നല്‍കിയ അനുഭവങ്ങളും പഠനങ്ങളും രണ്ടാം തരംഗം നേരിടാന്‍ കരുത്തായി. കൊവിഡ് വ്യാപനം ഒരു ഘട്ടത്തിലൂടെ അവസാനിക്കില്ലെന്ന് മനസിലാക്കി സംസ്ഥാന ജയില്‍ വകുപ്പ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ വിശദമായ രൂപരേഖ തയ്യാറാക്കി. സര്‍ക്കാരില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയത് പൂര്‍ണ്ണ പിന്തുണ.
ആദ്യ ഘട്ടമായി ഒരു ത്രീ ടയര്‍ സംവിധാനം ജയിലുകളില്‍ നടപ്പാക്കി. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നതായിരുന്നു ഉദ്ദേശം. ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയരാക്കി രോഗം കണ്ടെത്തുന്നവരെ പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റി. റിമാന്‍ഡിലാകുന്ന എല്ലാ പ്രതികളെയും സ്‌ക്രീനിങ് ചെയ്‌ത് മാത്രം ജയിലുകളിലേക്ക് പ്രവേശിപ്പിച്ചു. ഇതോടെ രോഗ വ്യാപനം പിടിച്ചുനിറുത്താനായി
ഇന്ത്യയിലാദ്യം
രാജ്യത്ത് തന്നെ ആദ്യമായി ജയിലുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ തുടങ്ങിയത് കേരളത്തിലാണ്. ജയില്‍ വകുപ്പ് കൊവിഡിനെ നേരിടാന്‍ നടത്തിയ പരീക്ഷണമായിരുന്നു ഇത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സുരക്ഷ, സാമൂഹിക കാരണങ്ങളാല്‍ അത്തരം ഒരു സജ്ജീകരണം ഏര്‍പ്പെടുത്താന്‍ ധൈര്യം ഉണ്ടായിരുന്നില്ല. പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും തടവുപുള്ളികള്‍ക്കായി സിഎഫ്എല്‍ടിസികള്‍ സ്ഥാപിച്ചു.
ജയിലില്‍ പ്രവേശിപ്പിക്കുന്ന പ്രതികളെ ആദ്യം സിഎഫ്എല്‍ടിസികളിലേക്ക് മാറ്റി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. രോഗം ബാധിക്കുന്നവര്‍ക്ക് അവിടെ തന്നെ തുടര്‍ ചികിത്സയ്ക്കും സൗകര്യം ഒരുക്കി. നെഗറ്റീവാകുന്ന തടവുകാര്‍ക്ക് തെരഞ്ഞെടുത്ത ജയിലുകളില്‍ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രം പ്രധാന ജയിലുകളില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും തുടര്‍ച്ചയായി ടെസ്റ്റുകള്‍ നടത്തി രോഗ വ്യാപനം പിടിച്ചുകെട്ടി. രോഗം സ്ഥിരീകരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും കൃത്യമായ ബോധവത്കരണവും ആത്മവിശ്വാസവും നല്‍കികൊണ്ടിരുന്നു.
ആകെ മരണം രണ്ട്, നിലവില്‍ രോഗികള്‍ പത്തില്‍ താഴെ
സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം അതിതീവ്രമായിട്ടും മരണസംഖ്യ പിടിച്ചുനിറുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി. ഒന്നും രണ്ടും തരംഗങ്ങളില്‍ മരിച്ചത് രണ്ടു പേര്‍ മാത്രമാണ്. തിരുവനന്തപുരം ജയില്‍ അന്തേവാസികളായ ഇരുവര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. മരണ ശേഷമാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതും.
സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക്
സംസ്ഥാനത്തേക്ക് ആദ്യ ഡോസ് വാക്‌സിന്‍ എത്തുന്നതിന് മുമ്പ് തന്നെ ജയിലുകളില്‍ വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസ് നല്‍കാനുള്ള നിര്‍ദ്ദേശം ജയില്‍ വകുപ്പിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കി. 45 വയസിന് മുകളിലുള്ള 1750 ല്‍ അധികം പേര്‍ക്കും വാക്‌സിനേഷന്‍ നടത്തി കഴിഞ്ഞു. ബാക്കി വരുന്ന 40 ശതമാനം തടവുകാര്‍ക്ക് ഒരു മാസത്തിനകം വാക്‌സിന്‍ ലഭ്യമാക്കും.
രാജ്യത്ത് തന്നെ ജയിലുകളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ ഇനി അധിക സമയമെടുക്കില്ല. പരിമിതമായ സൗകര്യങ്ങളാണ് ജയിലിലുള്ളത്. എന്നാല്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നതിന്‍റെ തെളിവ് കൂടിയാണ് സംസ്ഥാന ജയിലുകളിലെ ഈ മാതൃക.
അഭിനന്ദനം
കേരളത്തിലെ ജയിലുകളില്‍ നടപ്പിലാക്കിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിനേഷന്‍ നടപടികള്‍ക്കും സുപ്രീംകോടതിയുടെ അഭിനന്ദനമെത്തി. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 25 ന് പുറത്തിറക്കിയ ഉത്തരവിലാണ് കേരളത്തിലെ ജയിലുകളെ കുറിച്ച് പരാമര്‍ശമുണ്ടായത്. അതിനിടെ, കൊവിഡിനെ തുരത്തിയ മാതൃകയറിഞ്ഞ് ജാര്‍ഖണ്ഡ് ഡിജിപിയുടേയും വിളിയെത്തി. തടവുകാര്‍ക്കായി സിഎഫ്എല്‍ടിസി തുടങ്ങാന്‍ കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിച്ച ഡിജിപി വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു.
Also read: കൊവിഡ് വ്യാപിക്കുന്നു, തടവുകാർക്ക് പരോൾ: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നു